യുവതാരങ്ങളായ നസ്ലിൻ ഗഫൂറും മമിത ബൈജുവും ഒന്നിച്ച ചിത്രമാണ് പ്രേമലു. കേരളത്തിൽ ഇപ്പോഴും ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. മലയാളത്തിന് പുറമെ തെലുങ്കിലും സിനിമ റിലീസ് ചെയ്തിരുന്നു. എന്നാൽ തെലുങ്കിൽ മാത്രം പ്രേമലു ഒതുങ്ങില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ തമിഴ് പതിപ്പ് റിലീസിനൊരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഇത് രണ്ടാം തവണയാണ് പ്രേമലു തമിഴ്നാട്ടിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ടീസറും അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
ഫെബ്രുവരി ആദ്യവാരമായിരുന്നു പ്രേമലു തിയേറ്ററുകളിൽ എത്തിയത്. ഈ സമയത്ത് തന്നെ ചിത്രം തമിഴ് നാട്ടിലും റിലീസ് ചെയ്തിരുന്നു. എന്നാൽ പിന്നാലെ എത്തിയ മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിൽ ഹിറ്റായതോടെ പ്രേമലു പിൻവാങ്ങുകയായിരുന്നു. ആന്ധ്രാപ്രദേശിലും, തെലങ്കാനയിലും ലഭിച്ച സ്വീകാര്യതയാണ് തമിഴ് ഡബ്ബിംഗിന്റെ പ്രചോദനം. തമിഴ്നാട്ടിൽ വൈഡ് റിലീസിന് ഒരുങ്ങുകയാണ് ചിത്രം.
സെൻസറിംഗ് സർട്ടിഫിക്കറ്റും ലഭിച്ചു. റെഡ് ജൈന്റിനാണ് ചിത്രത്തിന്റെ വിതരണാവകാശം. മാർച്ച് 15 ന് പ്രേമലു തമിഴ് ഡബ്ബിംഗ് തിയേറ്ററുകളിലെത്തും. യുവതാരങ്ങളെ അണിനിരത്തി എഡി ഗിരീഷാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക