ഇറച്ചിയും മീനും മാത്രമല്ല, മൃഗങ്ങളിൽനിന്നു ലഭിക്കുന്ന പാൽ ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ പോലും കഴിക്കാത്തവർ നമുക്കിടയിലുണ്ട്. മത്സ്യം, ഇറച്ചി, ഇറച്ചി, മുട്ട, പാലുൽപന്നങ്ങൾ, തേൻ ഇവയൊന്നും കഴിക്കാത്തവരാണ് വീഗനുകൾ (Vegans). പല കാരണങ്ങൾ കൊണ്ട് വീഗൻ ആകുന്നവരുണ്ട്.
ധാർമികത മുതൽ പരിസ്ഥിതി സ്നേഹം വരെ പലരെയും വീഗൻ ആക്കും. ചിലർ തങ്ങളുടെ ആരോഗ്യം മാത്രം ലക്ഷ്യം വച്ച് വീഗൻ ആകുന്നവരാണ്. ഇറച്ചി കഴിക്കുന്നതിന് ഇവർ എതിരൊന്നുമല്ല. എന്നാൽ സ്വന്തം ശരീരം സംരക്ഷിച്ചേ തീരൂ. ഉദരത്തിനു പിടിക്കാത്തതൊന്നും ഇവർ കഴിക്കില്ല. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് പല തരത്തിലുള്ള ഡയറ്റ് പ്ലാനുകൾ സുപരിചിതമാണ്. അതിലൊന്നാണ് വീഗൻ ഡയറ്റ്.
വീഗൻ ഡയറ്റ് ശീലിക്കുന്നവർ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതോടൊപ്പം അണ്ടിപ്പരിപ്പ്, പയർ, പരിപ്പ് വർഗങ്ങളും കഴിക്കണം. കാൽസ്യം ലഭിക്കാൻ പച്ചനിറത്തിലുള്ള ഇലക്കറികൾ കഴിച്ചാൽമതി.
പ്രമേഹം കുറയ്ക്കാം
വീഗൻ ഡയറ്റ് പിന്തുടരുന്നവർക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 50 മുതൽ 78 ശതമാനം കുറവാണെന്നു പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. സസ്യഭക്ഷണം ശീലമാക്കിയവർ മുഴുധാന്യങ്ങളും നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണവും കഴിക്കുന്നതു കൊണ്ടാകാം രോഗസാധ്യത കുറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കും. ചോക്ലേറ്റ് മിഠായികൾ, മറ്റു റിഫൈൻഡ് ഫുഡ്സ് ഇവ ഒഴിവാക്കണം. കാരണം ഇവയിൽ മൃഗോൽപന്നങ്ങൾ ഉണ്ടാകാം.
വൃക്കത്തകരാറുകൾക്കുള്ള സാധ്യത കുറയും
ഇറച്ചി അധികം കഴിക്കുന്നത് ശരീരത്തിന് ഒട്ടും നല്ലതല്ല. വീഗൻ ഡയറ്റ് പിന്തുടരുന്നവരിൽ വൃക്കത്തകരാറ് ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നു തെളിഞ്ഞിട്ടുണ്ട്. സസ്യ പ്രോട്ടീനുകൾ അവയവങ്ങളെ ആരോഗ്യമുള്ളതാക്കുന്നു; പ്രത്യേകിച്ച് കരളിനെയും വൃക്കയെയും.
അർബുദങ്ങളെ അകറ്റാം
ഭക്ഷണശീലങ്ങൾ അർബുദത്തിനു കാരണമാകുന്നു എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ജീവിതശൈലി മാറ്റിയാൽത്തന്നെ രോഗസാധ്യത പകുതി കുറയും. വീഗൻ ഡയറ്റ് ശീലിക്കുന്നത് ഇതിനൊരു പരിഹാരമാണ്.
സന്ധിവാതം അകറ്റാം
സന്ധിവാത ലക്ഷണങ്ങൾ കുറയ്ക്കാൻ വീഗൻ ഭക്ഷണരീതി സഹായിക്കും. സസ്യഭക്ഷണം ശീലമാക്കുമ്പോൾ നല്ല ബാക്ടീരിയയുടെ അളവു കൂടും. ഇത് ശരീരത്തിൽ വീക്കം ഉണ്ടാക്കുന്ന ചീത്ത ബാക്ടീരിയയോടു പൊരുതാൻ സഹായിക്കും.
ഹൃദ്രോഗ സാധ്യത കുറയ്ക്കാം
വീഗൻ ഭക്ഷണരീതി പിന്തുടരുന്നവർ ഹൃദ്രോഗം മൂലം മരണമടയാനുള്ള സാധ്യത 42 ശതമാനം കുറവാണ്. രക്തസമ്മർദം ഉണ്ടാകാനുള്ള സാധ്യത 75 ശതമാനവും കുറവായിരിക്കും. മാത്രമല്ല, വീഗൻ ഭക്ഷണം കഴിക്കുന്നവർ ഹൃദയത്തിന് ആരോഗ്യമേകുന്ന മുഴുധാന്യങ്ങള്‍, അണ്ടിപ്പരിപ്പുകൾ, പച്ചക്കറികൾ ഇവയാണ് കഴിക്കുന്നത്. ഇത് ഹൃദയപേശികളെ ആരോഗ്യമുള്ളതാക്കുന്നു.
ശരീരഭാരം കുറയ്ക്കാം
വീഗൻ ഭക്ഷണം ശീലമാക്കിയവർ പൊതുവേ മെലിഞ്ഞവരും ആയിരിക്കും. സസ്യഭക്ഷണം കാലറി കുറഞ്ഞതാകയാൽ കൂടുതൽ കഴിക്കുകയും ആവാം.
കൊളസ്ട്രോൾ കുറയ്ക്കാം
മുട്ട, പാൽ, ഇറച്ചി ഇവയിൽ നിന്നെല്ലാമാണ് കൊളസ്ട്രോൾ ശരീരത്തിലെത്തുന്നത്. സസ്യഭക്ഷണത്തിൽനിന്നു കൊളസ്ട്രോൾ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ വെജിറ്റേറിയൻസിനെക്കാളും ഇറച്ചി കഴിക്കുന്നവരെക്കാളും കൊളസ്ട്രോൾ വീഗനുകൾക്ക് കുറവായിരിക്കും.
എല്ലുകളെ ബലപ്പെടുത്തും
എല്ലുകളെ ബലപ്പെടുത്തുന്നതിനും വീഗൻ ഡയറ്റ് സഹായിക്കും. പൊതുവെ സസ്യാഹാരം മാത്രം കഴിക്കുന്നവരില്‍ എല്ലുബലം ഉണ്ടാകില്ലെന്നതാണ് ഉള്ള സങ്കല്പം. കാരണം എല്ലിനെ ശക്തിപ്പെടുത്തുന്ന പ്രോട്ടീൻ, കാത്സ്യം എന്നീ ഘടകങ്ങള്‍ പ്രധാനമായും മാംസാഹാരത്തിലാണല്ലോ ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഈ ഘടകങ്ങള്‍ക്ക് പുറമെ വൈറ്റമിൻ-ഡി, വൈറ്റമിൻ-കെ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം എല്ലുകളുടെ ആരോഗ്യത്തിന് വേണം. ഇവയെല്ലാം അധികവും സസ്യാഹാരങ്ങളിലൂടെയാണ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക