ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റ ചട്ടലംഘനം ഉൾപ്പെടെയുള്ള പരാതികൾ പൊതുജനങ്ങൾക്ക് പങ്കുവെക്കാവുന്ന ആപ്പ് സംസ്ഥാനത്ത് സജ്ജമായി. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളും ക്രമക്കേടുകളും സംസ്ഥാനത്തെ പൊതുജനങ്ങൾക്ക് ‘സി വിജിൽ’ എന്ന ആപ്പ് വഴി അറിയിക്കാൻ സാധിക്കും.
പരാതി സി വിജില് ആപ്പിൽ രജിസ്റ്റർ ചെയ്ത് 100 മിനിറ്റിനകം നടപടി സ്വീകരിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ആപ്പ് സ്റ്റോറിൽ നിന്നോ പ്ലേസ്റ്റോറിൽ നിന്നോ ആപ്പ് ഡൗൺലോഡ് ചെയ്ത് പൊതുജനങ്ങൾക്ക് പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ടുള്ള പരാതികൾ സമർപ്പിക്കാവുന്നതാണ്.
വീഡിയോ അല്ലെങ്കിൽ ചിത്രം സഹിതം പരാതിക്കാരന് ആപ്പിലൂടെ പരാതി രജിസ്റ്റർ ചെയ്യാൻ സാധിക്കും. ആപ്പിലൂടെ ഫോൺ നമ്പർ, ഒ ടി പി, വ്യക്തി വിവരങ്ങൾ എന്നിവ നൽകി പരാതി സമർപ്പിക്കുന്നയാൾക്ക് പരാതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ അറിയിക്കാൻ ഒരു ഐഡി കൂടി നൽകും.
എന്നാൽ പരാതി നൽകുന്ന വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യമാക്കാതെയും ആപ്പിലൂടെ പരാതി സമർപ്പിക്കാൻ സാധിക്കും. പരാതിക്കാരന്റെ വിവരങ്ങൾ നൽകാതെയാണ് പരാതി സമർപ്പിക്കുന്നത് എങ്കിൽ പരാതിയുമായി ബന്ധപ്പെട്ട തുടർ വിവരങ്ങൾ വ്യക്തിക്ക് അറിയാൻ സാധിക്കില്ല. ലൈവ് ഫോട്ടോ അല്ലെങ്കിൽ വീഡിയോ മാത്രമാണ് ആപ്പ് വഴി അയക്കാൻ ആകുക.
ജില്ലാ കൺട്രോൾ റൂമിൽ ലഭ്യമാകുന്ന പരാതി ഫീൽഡ് യൂണിറ്റിന് കൈമാറി ഫ്ലൈയിങ് സ്ക്വാഡുകൾ, സ്റ്റാറ്റിക് സർവേയലൻസ് ടീമുകൾ എന്നിവർ പരാതിയുടെ ഉറവിടം ട്രാക്ക് ചെയ്തു സ്ഥലത്ത് നേരിട്ട് എത്തിയതിനുശേഷം നടപടിയെടുത്ത് റിപ്പോർട്ട് ആപ്പ് വഴി സമർപ്പിക്കും. ജില്ലാതലത്തിൽ തീർപ്പാക്കാനാകാത്ത പരാതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നാഷണൽ ഗ്രീവൻസ് പോർട്ടലിലേക്ക് അയക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക