ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണി. ഐപിഎൽ 2024 സീസൺ നാളെ ആരംഭിക്കാനിരിക്കെയാണ് ധോണിയുടെ പിന്മാറ്റം. സി എസ് കെയുടെ പുതിയ ക്യാപ്റ്റനായി ഋതുരാജ് ഗെയ്ക്വാദിനെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. 5 ഐപിഎൽ കിരീടങ്ങളാണ് ധോണിയുടെ നേതൃത്വത്തിൽ സി എസ് കെ ഇതുവരെ കരസ്ഥമാക്കിയിട്ടുള്ളത്.
ഐപിഎല്ലിന്റെ ഓപ്പണിങ് മാച്ച് നാളെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി നടക്കാനിരിക്കെയാണ് ചെന്നൈ സൂപ്പർ കിംഗ്സിലെ ക്യാപ്റ്റൻസി മാറ്റം. ഐപിഎല്ലിനു മുന്നോടിയായി നടന്ന ക്യാപ്റ്റൻമാരുടെ ചടങ്ങിൽ പങ്കെടുക്കുന്നതിനായി എത്തിയ ഋതുരാജിന്റെ ചിത്രങ്ങൾ പങ്കുവെച്ച് സി എസ് കെ പുതിയ ക്യാപ്റ്റനായി ഋതുരാജിനെ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു.
ഐപിഎല്ലിൽ ആകെ 52 മത്സരങ്ങൾ കളിച്ചിട്ടുള്ള ഋതുരാജ് 2019 മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ അവിഭാജ്യ ഘടകമാണ്. ഐപിഎല്ലിൽ 133 വിജയങ്ങളുമായി ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ക്യാപ്റ്റനാണ് ധോണി. മുൻ മുംബൈ നായകൻ രോഹിത് ശർമ 87 വിജയങ്ങളുമായി രണ്ടാം സ്ഥാനത്താണ്. ഈ സീസണിന്റെ അവസാനത്തോടെ ധോണി വിരമിക്കും എന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക