മഞ്ഞിൽ പുതഞ്ഞ മലനിരകളും ഇടുക്കി ഡാമിന്റെ കാനന സൗന്ദര്യവും കുളിർക്കാറ്റും ഒത്തുചേർന്ന സ്ഥലമാണ് ഇടുക്കിയിലെ കാൽവരിമൗണ്ട്. ഇവിടേയ്ക്ക് എത്തുന്ന സഞ്ചാരികളുടെ എന്നതിൽ കണക്കില്ല. ഇടുക്കി ആർച്ച് ഡാം ലോകപ്രശസ്തമായതോടെയാണ് കാൽവരി മൗണ്ടും പ്രശസ്തിയുടെ മല കയറിയത്.
ഉപേക്ഷിക്കപ്പെട്ടു കിടന്ന ഈ മലനിരകളെ ജില്ലാ ടൂറിസം വകുപ്പ് വിനോദ സഞ്ചാര കേന്ദ്രമാക്കി വളർത്തുകയായിരുന്നു. ഇടുക്കിയുടെ കൊതിപ്പിക്കുന്ന കാലാവസ്ഥയും പ്രകൃതിഭംഗിയും അതിനു കൂട്ടായി നിന്നു. മല കുറെയങ്ങു കയറിച്ചെല്ലുമ്പോൾ അങ്ങു ദൂരെ ഇടുക്കി ജലാശയം കാണുന്ന വ്യൂ പോയിന്റായി.
ചെറുതും വലുതുമായ ഇരിപ്പിടങ്ങൾ പോലുള്ള പാറകളും പുൽമേടുകളും മുട്ടക്കുന്നുകളും നിറഞ്ഞ മലനിരകളാണ് ഇവിടെത്തെ ഭൂപ്രകൃതി. കൺമുന്നിലായി സമ്പുഷ്ടമായ വനങ്ങൾക്ക് മധ്യത്തിലായി ഇടുക്കി ഡാമിൽ നിന്നുള്ള നീലജലാശയം.
ദ്വീപുകൾ പോലെ പലയിടത്തും ജലാശങ്ങൾ കേറിയിറങ്ങി കിടക്കുന്നു. ദൂരെ മാറി കുറവൻ കുറത്തി മലകളും കാണാം. വൈകുന്നേരങ്ങളും രാവിലെയും മലകളിൽ പെയ്തിറങ്ങുന്ന കോടമഞ്ഞ്. ഉച്ചവെയിലിന്റെ രൂക്ഷതയിലും കുളിര് പകരുന്ന കാറ്റ്. ഇങ്ങനെയിങ്ങനെ കാൽവരി മൗണ്ടിനെ സഞ്ചാരികളുടെ പ്രിയങ്കരിയാക്കാൻ കാരണങ്ങളേറെയാണ്.
ഇരുവശവും വേലിക്കെട്ടിത്തിരിച്ച ഉദ്യാനത്തിന് നടുവിലൂടെയാണ് വ്യൂ പോയിന്റിലേയ്ക്ക് പോകേണ്ടത്.വിവിധങ്ങളായ വർണപുഷ്പങ്ങളാണ് ഇരുവശങ്ങളിലുമായി പൂവിട്ട് നിൽക്കുന്നത്. ഇവയ്ക്ക് സമീപത്തായി ഇരുന്ന് വിശ്രമിക്കുന്നതിനുള്ള ചാരു ബഞ്ചുകളും ഉണ്ട്. ഇടതു വശത്തുകൂടി മലമുകളിലേക്കുള്ള മൺപാതയും ഉണ്ട്. ഇതുവഴി ഓഫ് റോഡ് സഞ്ചാരവും മുമ്പുണ്ടായിരുന്നു. ഇപ്പോൾ വ്യു പോയിന്റുകളിൽ താമസിക്കുന്നതിനുള്ള സൗകര്യങ്ങളും ഉണ്ട്. 2500 രൂപ മുതലാണ് നിരക്ക്.
ഇടുക്കി, ചെറുതോണി ഡാമുകളും കണ്ട് ചെറുതോണി- കട്ടപ്പന റൂട്ടിൽ ഇടുക്കി ഡാം ടോപ്പ് പിന്നിട്ട് കുറച്ച് കിലോമീറ്റർ മുന്നോട്ട് പോയാൽ കാൽവരി മൗണ്ടെത്തും. പ്രധാന പാതയോട് ചേർന്ന് മലനിരകളിലേക്ക് കോൺക്രീറ്റ് റോഡ് കാണാം. കയറ്റം പകുതി എത്തുമ്പോഴേയ്ക്കും കുറച്ച് ഭാഗം നിരപ്പ് പ്രദേശമായി.
മലമുകളിൽ ജില്ലാ ടൂറിസം കേന്ദ്രത്തിന്റെ കവാടത്തിന് സമീപത്തായി പാർക്കിംഗ് കേന്ദ്രങ്ങളും ഉണ്ട്. ജില്ലാ ടൂറിസം കേന്ദ്രത്തിന്റെ ഓഫീസിൽ നിന്നുള്ള പാസ് മുഖേനെയാണ് അകത്ത് പ്രവേശിപ്പിക്കുക. ഒരാൾക്ക് 25 രൂപയാണ് ഈടാക്കുന്നത്.
എറണാകുളം , തൃശൂർ ഭാഗത്ത് നിന്നും തൊടുപുഴയോ, കോതമംഗലം, നേര്യമംഗലം വഴിയോ ചെറുതോണിയിലെത്തിയാൽ ഇവിടെയെത്താം. കോട്ടയം ഭാഗത്തു നിന്നുള്ളവർക്ക് കട്ടപ്പന എത്തിയ ശേഷം ചെറുതോണി റൂട്ടിൽ സഞ്ചരിച്ചാൽ കാൽവരി മൗണ്ടിലെത്താം. ചെറുതോണിയിലും പൈനാവ് സർക്കാർ റസ്റ്റ് ഹൗസുകളും താമസം ഒരുക്കുന്നത് സാധിക്കും.
ഇടുക്കി ഡാമിനെ കൂടാതെ കല്ലാണത്തണ്ട് , അഞ്ചുരുളി, അയ്യപ്പൻകോവിൽ, രാമയ്ക്കൽമേട്, തേക്കടി, മേഘമല, വാഗമൺ, പരുന്തുംപാറ, പീരുമേട് തുടങ്ങിയ നിരവധിയായ ടൂറിസം കേന്ദ്രങ്ങൾ ഇതിന്റെ അനുബന്ധ മേഖലകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക