പൂക്കോട് വെറ്റിനറി സർവകലാശാലയുടെ പുതിയ വൈസ് ചാൻസിലറായി ഡോ കെ എസ് അനിലിനെ നിയമിച്ച് ഉത്തരവായി. ഗവർണറുടെ സെക്രട്ടറിയേറ്റിൽ നിന്ന് പുറത്തിറങ്ങിയ വിജ്ഞാപനത്തിലാണ് ഇത് സംബന്ധിച്ച ഉത്തരവ് ഉണ്ടായത്.
സർവ്വകലാശാലയുടെ മണ്ണുത്തി ക്യാമ്പസിൽ ലൈവ്സ്റ്റോക്ക് പ്രൊഡക്ഷൻ മാനേജ്മെന്റ് വിഭാഗത്തിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചു വരികയാണ് നിലവിൽ ഡോ കെ എസ് അനിൽ. പൂക്കോട് വെറ്റിനറി സർവകലാശാല വൈസ് ചാൻസിലറുടെ ചുമതലകൾ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഡോക്ടർ കെ എസ് അനിൽ നിർവഹിക്കുമെന്ന് ഗവർണറുടെ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
പൂക്കോട് വെറ്റിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ ജെ എസ് സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ സർവ്വകലാശാലയിലെ മുൻ വൈസ് ചാൻസിലർ പി സി ശശീന്ദ്രൻ രാജി വെച്ചിരുന്നു. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികളെ തിരികെ കോളേജിൽ പ്രവേശിപ്പിച്ചതിനെ തുടർന്നുണ്ടായ കടുത്ത അതൃപ്തിയെ തുടർന്ന് ഗവർണറുടെ ഓഫീസിൽ നിന്ന് വിസിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക