തൃശൂർ: കൊടുങ്ങല്ലൂർ ഭരണിയോടനുബന്ധിച്ച് ഏപ്രിൽ ഒമ്പതിന് കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ നിശ്ചയിച്ച പൊതുപരീക്ഷകൾക്കും, കേന്ദ്ര-സംസ്ഥാന, അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല.
തൃശൂർ കൊടുങ്ങല്ലൂരിൽ സ്ഥിതിചെയ്യുന്ന ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലാണ് ഭരണി മഹോത്സവം നടക്കുക. പതിനായിരക്കണക്കിന് ഭക്തരെത്തുന്ന മഹോത്സവം അശ്വതി-ഭരണി ദിവസങ്ങളിലായി നടക്കും. കുംഭമാസത്തിലെ ഭരണി നാളിൽ തുടങ്ങി മീനമാസത്തിലെ ഭരണി നാളിൽ അവസാനിക്കുന്ന പ്രശസ്തമായ ആഘോഷമാണ് കൊടുങ്ങല്ലൂർ ഭരണി എന്നറിയപ്പെടുന്നത്.
ഭക്തിയുടെ രൗദ്രഭാവം എന്നാണ് ഭരണി വിശേഷിപ്പിക്കപ്പെടുന്നത്. മീനമാസത്തിലെ തിരുവോണം നാൾ മുതൽ അശ്വതി നാൾ വരെ ഏഴ് ദിവസങ്ങളിൽ ആണ് പ്രധാന ചടങ്ങുകൾ നടക്കുന്നത്. ഈ ദിവസങ്ങളിൽ ക്ഷേത്ര ദർശനം നടത്തുന്നത് ദുരിതമോചനത്തിന് ഉത്തമമെന്ന് ഭക്തർ വിശ്വസിക്കുന്നു.ദ്രാവിഡ ക്ഷേത്രമായിരുന്ന കൊടുങ്ങല്ലൂർ പിൽക്കാലത്ത് സവർണ്ണ മേധാവിത്വത്തിന് കീഴിലായപ്പോൾ ക്ഷേത്രത്തിൽ അവകാശമുണ്ടായിരുന്ന ആദിമ ജനതയുടെ കൂടിച്ചേരലാണ് ഈ ഉത്സവം എന്ന് കണക്കാക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക