തന്റെ കരിയറിലെ ആദ്യ പ്രണയഗാനവുമായി ഈ ബാബുരാജ് എത്തുന്ന ലിറ്റിൽ ഹാർട്സ് എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘നാം ചേർന്ന വഴികളിൽ’ എന്നും തുടങ്ങുന്ന ഗാനത്തിൽ നടൻ ബാബുരാജും രമ്യ സുവിയും ആണ് പ്രത്യക്ഷപ്പെടുന്നത്.
സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ സിബി എന്ന കഥാപാത്രമായി ഷെയ്ൻ നിഗവും ശോശ എന്ന കഥാപാത്രമായി മാഹിമ നമ്പ്യാരുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ സിബി എന്ന കഥാപാത്രത്തിന്റെ അച്ഛൻവേഷത്തിലാണ് ബാബുരാജ് പ്രത്യക്ഷപ്പെടുന്നത്.
വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന കുറച്ച് ആളുകളും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിലെതായി പുറത്തിറങ്ങിയ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനും സംഗീതം നൽകിയിരിക്കുന്നത് കൈലാസ്മേനോനും ആണ്.
വിജയ് യേശുദാസ്, ജൂഡിത് ആൻ എന്നിവർ ചേർന്നാണ് മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത്. ഷൈൻ ടോം ചാക്കോയും മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിൽസൺ തോമസും സാന്ദ്ര തോമസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണം, അഭിനയം എന്നി മേഖലകളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച സാന്ദ്ര തോമസിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ് ലിറ്റിൽ ഹാർട്സ്.
എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ ചേർന്ന് ‘മെമ്പർ അശോകൻ’ എന്ന ചിത്രത്തിനുശേഷം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ലിറ്റിൽ ഹാർട്സ്’. ബാബുരാജ്, ചെമ്പൻ വിനോദ്, ജാഫർ ഇടുക്കി, രഞ്ജി പണിക്കർ, അനു മോഹൻ, എയ്മ റോസ്മി, മാല പാർവതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നുണ്ട്. രാജേഷ് പിന്നാടനാണ് ലിറ്റിൽ ഹാർട്സിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക