മിക്ക ആളുകളെയും അലട്ടുന്ന വലിയൊരു പ്രശ്നമാണ് കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം. എത്രയൊക്കെ ശ്രദ്ധിച്ചാലും എന്തൊക്കെ ചെയ്തിട്ടും ഈ കറുപ്പ് നിറത്തിന് പരിഹാരം കാണാൻ നിങ്ങളെക്കൊണ്ട് സാധിക്കുന്നില്ലേ. പലവിധ കാരണങ്ങൾ കൊണ്ടും കഴുത്തിനു ചുറ്റും ഇത്തരത്തിൽ കറുപ്പുനിറം പ്രത്യക്ഷപ്പെടാറുണ്ട്. വിഷമിക്കേണ്ട ആവശ്യമില്ല. കഴുത്തിന് ചുറ്റുമുള്ള ഈ കറുപ്പ് നിറത്തിനുള്ള ചില പരിഹാരമാർഗ്ഗങ്ങളാണ് പറയാൻ പോകുന്നത്.
ഒരു പാത്രത്തിൽ അല്പം റവ എടുത്തതിനുശേഷം അതിലേക്ക് കുറച്ച് തൈര് ചേർത്ത് കൊടുക്കാം. കുറച്ച് വെണ്ണ കൂടി ഇതിലേക്ക് ചേർത്ത് ഈ മിശ്രിതം കഴുത്തിൽ കറുപ്പു നിറമുള്ള ഭാഗങ്ങളിൽ തേച്ചുപിടിപ്പിച്ച് സ്ക്രബ്ബ് ചെയ്യാം. ദിവസവും ഇത് ശീലമാക്കുന്നത് കഴുത്തിന് ചുറ്റുമുള്ള കറുപ്പുനിറം കുറയുന്നതിന് സഹായിക്കും.
അതുപോലെ തന്നെയാണ് ഓട്സും തൈരും തേനും ചേർന്ന മിശ്രിതം കഴുത്തിൽ തേച്ചുപിടിപ്പിക്കുന്നത്. ഈ മിശ്രിതം കഴുത്തിൽ തേച്ചുപിടിപ്പിച്ചതിനു ശേഷം അല്പം സമയം കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. പഴം നല്ലതുപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുത്തതിലേക്ക് അല്പം തേൻ ചാലിച്ച് കഴുത്തിൽ പുരട്ടി കുറച്ചുസമയം കഴുത്തിൽ തേച്ചുപിടിപ്പിച്ചതിനു ശേഷം കഴുകി കളയാവുന്നതാണ്.
ഒരു പാത്രത്തിൽ അല്പം കടലമാവ്, ഒരു നുള്ള് മഞ്ഞൾ പൊടി, അല്പം നാരങ്ങ നീര്, അല്പം റോസ് വാട്ടർ എന്നിവ ചേർത്ത് മിക്സ് ചെയ്തതിനുശേഷം കഴുത്തിൽ തേച്ച് പിടിപ്പിക്കാം. ഇതും കഴുത്തിലെ കറുപ്പു നിറത്തിന് വളരെ നല്ലൊരു പ്രതിവിധിയാണ്.
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് വൃത്തിയാക്കിയതിനു ശേഷം ജ്യൂസാക്കിയെടുത്ത് കഴുത്തിൽ തേച്ചുപിടിപ്പിക്കുന്നതും കഴുത്തിലെ കറുപ്പുനിറം അകറ്റുന്നതിന് സഹായിക്കും. ഇത് ഉണങ്ങിയതിനുശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയാൻ ശ്രദ്ധിക്കണം. കറ്റാർവാഴ ജെൽ ഉറങ്ങുന്നതിനു മുൻപ് കഴുത്തിൽ തേച്ചുപിടിപ്പിച്ച രാവിലെ ചെറു ചൂടുവെള്ളത്തിൽ കഴുകി കളയുന്നതും കറുപ്പ് നിറത്തിന് വളരെ നല്ലൊരു പ്രതിവിധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക