ഭാരതത്തിലെ തന്നെ വളരെ പ്രധാനപ്പെട്ട തീർത്ഥാടനങ്ങളിലൊന്നാണ് ചാർ ധാം യാത്ര. ഇപ്പോഴിതാ ഈ വർഷത്തെ ചാർ ധാം ക്ഷേത്രങ്ങൾ തുറക്കുന്ന തിയതികൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
അക്ഷയതൃതീയ നാളിലാണ് കേദാർനാഥ് ധാം ക്ഷേത്രം തുറക്കുന്നത്. ഇത് മേയ് 10 ന് രാവിലെ 7.00 മണിക്ക് ആണ്. ഇതേ ദിവസം തന്നെ ഗംഗോത്രി ധാമും തുറക്കും. ബദരീനാഥ് ധാമിന്റെ വാതിലുകൾ മെയ് 12, രാവിലെ 6 മണിക്ക് തുറക്കും,ഏറ്റവും ഒടുവിലായാണ് യമുനോത്രി ധാം തുറക്കുക. ഇതിന്റെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ബദരീനാഥ് ധാം, കേദാർനാഥ് ധാം, ഗംഗോത്രി ധാം, യമുനാ ധാം എന്നിവയാണ് ചാർ ധാം ക്ഷേത്രങ്ങൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ചാർധാം തീർത്ഥാടനത്തിനായി എത്തുന്നു.
വർഷത്തിൽ ആറ് മാസക്കാലമാണ് ചാർ ധാം ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് ദർശനത്തിനായി തുറക്കുക. ഏപ്രിൽ / മെയ് മുതൽ ഒക്ടോബർ / നവംബർ വരെയാണ് ഈ സമയം. പിന്നീടുള്ള മാസങ്ങളിൽ കനത്ത മഞ്ഞുവീഴ്ച കാരണം ക്ഷേത്രം അടച്ചിടുകയാണ് ചെയ്യുന്നത്. യമുനോത്രിയിൽ ആരംഭിച്ച് ഗംഗോത്രി, അവിടുന്ന് കേദാർനാഥ് പോയി ഒടുവിൽ ബദരീനാഥിൽ അവസാനിക്കുന്നതാണ് ചാർ ധാം യാത്ര.
അതേസമയം, ചാർ ധാം തീർത്ഥാടകർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി ഉത്തരാഖണ്ഡ് സർക്കാർ. https://regitsrationandtouristcare.uk.gov.in/ എന്ന വെബ്സൈറ്റിലൂടെയാണ് ചാർ ധാം യാത്രയ്ക്ക് രജിസ്റ്റർ ചെയ്യേണ്ടത്. നിലവിൽ അക്കൗണ്ട് ഉള്ളവർക്ക് ലോഗിൻ ചെയ്യുകയോ അല്ലാത്തവർക്ക് രജിസ്റ്റർ ചെയ്യുകയോ ചെയ്യാം. മുഴുവൻ പേരും ശരിയായ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ടൈപ്പ് ചെയ്തെന്ന് ഉറപ്പുവരുത്തണം. പുതിയ അക്കൗണ്ട് ഉണ്ടാക്കുന്നതിന് ഒരു പാസ്വേഡും നൽകണം.
സൈൻ ഇൻ ചെയ്തുകഴിഞ്ഞാൽ രജിസ്റ്റർ ചെയ്തയാളുടെ പേരുള്ള ഡാഷ്ബോർഡ് കാണാൻ സാധിക്കും. ക്രിയേറ്റ്/ മാനേജ് യുവർ ടൂർ എന്ന ഓപ്ഷനിലൂടെ നിങ്ങൾക്ക് നിങ്ങളുടെ യാത്ര പ്ലാൻ ചെയ്യാൻ സാധിക്കും. ഇതിനായി യാത്രയുടെ സ്വഭാവം, പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ, സഹയാത്രികരുടെ വിവരങ്ങൾ, തീയതികൾ തുടങ്ങിയവ നൽകണം.
ഇലക്ഷൻ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ സ്കാൻഡ് കോപ്പികളും അപ്ലോഡ് ചെയ്യണം. അതോടൊപ്പം രജിസ്ട്രേഷൻ ഐഡി ഉൾപ്പെടുന്ന ഒരു എസ്.എം.എസ് മൊബൈലിലേക്ക് വരും. വെരിഫിക്കേഷന് ശേഷം ഒരു ‘യാത്രി’ സർട്ടിഫിക്കറ്റും ലഭിക്കും. കൂടുതൽ സഹായങ്ങൾക്കായി ഉത്തരാഖണ്ഡ് ടൂറിസ്റ്റ് കെയർ എന്ന ആപ്പും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക