ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നാണ് കീൻവ. പ്രോട്ടീൻ, ഫൈബർ, വൈറ്റമിനുകൾ ധാതുക്കൾ ഇവയെല്ലാം കീൻവയിലുണ്ട്. ഗ്ലൂട്ടൻ ഫ്രീ ആണിത്. സാധാരണയായി അരിക്കു പകരം ഉപയോഗിക്കാവുന്ന ഒരു ധാന്യം ആയാണ് കീൻവയെ പരിഗണിക്കാറ്.
കീൻവയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. പ്രോട്ടീൻ, ഫൈബർ, അയൺ, കോപ്പർ, തയാമിൻ, വൈറ്റമിൻ ബി 6 എന്നിവയുടെ കലവറയാണ് കീൻവ. മഗ്നീഷ്യം, ഫോസ്ഫറസ്, മാംഗനീസ് ഫോളേറ്റ് എന്നിവയും കീൻവയിൽ ധാരാളമുണ്ട്. എല്ലാ അമിനോആസിഡുകളും അടങ്ങിയ കീൻവ ഒരു കംപ്ലീറ്റ് പ്രോട്ടീൻ സോഴ്സ് ആണെന്നു പറയാം.
കീൻവ വെജിറ്റേറിയൻ ഭക്ഷണവും വീഗൻ ഭക്ഷണവും ശീലമാക്കിയവരുടെ പ്രിയപ്പെട്ട ഭക്ഷണമാകുന്നതും അതു കൊണ്ടു തന്നെ. വിശപ്പു കുറയ്ക്കാനും ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും കീൻവ സഹായിക്കും.
കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ കീൻവ സഹായിക്കും.
ഒരു മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് ആയ ഒലേയിക് ആസിഡ്, ആൽഫാ ലിനോ ലെനിക് ആസിഡ് ഇവ കീൻവയിൽ ധാരാളമുണ്ട്. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും ഇൻഫ്ളമേഷൻ കുറയ്ക്കുകയും ചെയ്യും. മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് ഇരട്ടിയോളം ഫൈബർ കീൻവയിലുള്ളതിനാൽ ഇത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഹൃദ്രോഗം തടയാനും പക്ഷാഘാതം ഉയർന്ന രക്തസമ്മർദം ഇവ തടയാനും നാരുകൾ സഹായിക്കും. ഏറെ നേരം വയർ നിറഞ്ഞതായി തോന്നിക്കാനും കീൻവ സഹായിക്കും. ഗ്ലൂട്ടൻ ഒട്ടും അടങ്ങിയിട്ടില്ലാത്തതിനാൽ ഡയറ്റ് പിന്തുടരുന്നവർക്ക് കീൻവ ഒരു മികച്ച ഭക്ഷണമാണ്.
കീൻവയിൽ അയൺ ധാരാളം അടങ്ങിയിട്ടുണ്ട്. ഹീമോഗ്ലോബിന്റെ രൂപീകരണത്തിന് അയൺ പ്രധാനമാണ്. ഇത് പേശികളിലേക്കും തലച്ചോറിലേക്കും ഓക്സിജൻ സപ്ലൈ ചെയ്യുന്നു. കീൻവയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രായമാകലിനെയും നിരവധി രോഗങ്ങളെയും തടയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക