ചെന്നൈ: പുതിയ ചിത്രത്തിന്റെ ചിത്രീകരണ തിരക്കിനിടയിലും ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തി നടൻ വിജയ്. റഷ്യയിൽ നിന്നുമാണ് വിജയ് വോട്ട് ചെയ്യാൻ തമിഴ് നാട്ടിൽ എത്തിയത്. നടന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് പിന്നാലെ വന്ന തെരഞ്ഞെടുപ്പിൽ വിജയ് വോട്ടിടാന് എത്തുമോ ഇല്ലയോ എന്നറിയാനുള്ള കാത്തിരിപ്പിൽ ആയിരുന്നു ആരാധകർ. രാവിലെ മുതൽ നടന്റെ വസതിക്ക് മുന്നിൽ നിരവധി പേർ തടിച്ചു കൂടുകയും ചെയ്തിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു വിജയ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്. വിജയിയുടെ വീട് മുതൽ പോളിംഗ് ബുത്ത് വരെ ആരാധക അകമ്പടിയോടെയാണ് വിജയ് വന്നത്. പൂക്കളെറിഞ്ഞും ആർപ്പുവിളിച്ചും ആയിരുന്നു വിജയിയെ അവർ പോളിങ്ങിനായി എത്തിച്ചത്. മറ്റൊരു നടനും കിട്ടാത്ത തരത്തിലുള്ള വലിയൊരു വരവേൽപ്പ് ലഭിച്ച താരത്തിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ബൂത്തിലെത്തിയ നടനെ ജനക്കൂട്ടം കാരണം ബുദ്ധിമുട്ടി അകത്ത് കയറ്റുന്ന പൊലീസുകാരെയും വീഡിയോയിൽ കാണാം.
വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സിനിമയിൽ ആണ് വിജയ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ദ ഗോട്ട് എന്ന് പേരുള്ള ചിത്രത്തിന്റെ മുഴുവൻ പേര് ദ ഗ്രേസ്റ്റസ്റ്റ് ഓഫ് ഓൾ ടൈം എന്നതാണ്. ചിത്രത്തിന്റെ വിദേശ ഷെഡ്യൂൾ കഴിഞ്ഞതായാണ് വിവരം. പുതിയ ഷെഡ്യൂൾ തമിഴ്നാട്ടിൽ തന്നെയാണ് ചിത്രീകരിക്കുക. വൈകാതെ ചെന്നൈയിൽ ഷൂട്ടിംഗ് ആരംഭിക്കും. ഫാന്റസി ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം സെപ്റ്റംബറിൽ തിയറ്റുകളിൽ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക