‘മാളികപ്പുറം’ എന്ന ചിത്രത്തിനു ശേഷം ദേവനന്ദയും സൈജു കുറുപ്പും അച്ഛനും മകളുമായി വേഷമിടുന്ന ഏറ്റവും പുതിയ ചിത്രം ‘ഗു’ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 17ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രം മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജുവാണ് നിർമ്മിക്കുന്നത്.
ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടൈറ്റിൽ ലുക്ക് പോസ്റ്ററും ഫസ്റ്റ് ലുക്ക് പോസ്റ്ററും എല്ലാം ഏറെ പ്രേക്ഷക പിടിച്ചു പറ്റിയിരുന്നു. ദേവനന്ദ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നിരവധി കുട്ടികളും വേഷമിടുന്നുണ്ട്. മിന്ന എന്ന കേന്ദ്ര കഥാപാത്രമായി ദേവനന്ദ വേഷമിടുമ്പോൾ സൈജു കുറുപ്പ് മിന്നയുടെ അച്ഛനായി ചിത്രത്തിൽ വേഷമിടുന്നു.
മിന്ന എന്ന കഥാപാത്രത്തിന്റെ അമ്മ വേഷത്തിൽ എത്തുന്നത് നടി അശ്വതി മനോഹരൻ ആണ്. പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലും ആയി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം മലബാറിലെ ഉൾനാടൻ ഗ്രാമത്തിലുള്ള തറവാട്ടിൽ അവധിക്കാലം ആഘോഷമാക്കാൻ എത്തുന്ന മിന്ന എന്ന കുട്ടിക്കും സമപ്രായക്കാരായ മറ്റു കുട്ടികൾക്കും നേരിടേണ്ടിവരുന്ന അസാധാരണമായ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളുടെ കഥയാണ് പറയുന്നത്.
മനു രാധാകൃഷ്ണൻ എന്ന സംവിധായകന്റെ ആദ്യ സംവിധാന സംരംഭമായ ചിത്രത്തിൽ മണിയൻപിള്ള രാജു, രമേഷ് പിഷാരടി, നിരഞ്ജ് മണിയൻപിള്ള രാജു, നന്ദിനി ഗോപാലകൃഷ്ണൻ, ലയ സിംസൺ തുടങ്ങിയവരോടൊപ്പം മറ്റ് പുതുമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക