നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ നടൻ ദീപക് പറമ്പോലും നടി അപർണദാസും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്ന ലളിതമായ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തു.
വിവാഹത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം നടന്ന ഹൽദിയുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെയാണ് തങ്ങൾ വിവാഹിതരാകാൻ പോകുന്നു എന്ന വാർത്ത താരങ്ങൾ ആരാധകരുമായി പങ്കുവെച്ചത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തട്ടത്തിൻ മറയത്ത്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ ദീപക് പറമ്പോൽ പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ അഭിവാജ്യ ഘടകമായി മാറിയിരുന്നു.
അടുത്തിടെ തീയേറ്ററുകളെ ഇളക്കി മറിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രമായി ദീപക്ക് വേഷമിട്ടിരുന്നു. വിജയ് കേന്ദ്ര കഥാപാത്രമായി എത്തിയ ബീസ്റ്റ്, ഡാഡ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അപർണ ‘ഞാൻ പ്രകാശൻ’ എന്ന മലയാള ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. പിന്നീട് മലയാളത്തിൽ നിരവധി ചിത്രങ്ങളിലൂടെ താരം ശ്രദ്ധിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക