ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും നായകന്മാരായി എത്തിയ ‘വർഷങ്ങൾക്കു ശേഷം’ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. വിഷു റിലീസായി വന്ന ചിത്രം 50 കോടി ക്ലബിൽ ഇടം നേടിയത് വെറും ആറുദിവസം കൊണ്ടാണ്. അടുത്ത 100 കോടിയിലേക്ക് കാലുകുത്താൻ തയ്യാറായി കൊണ്ടിരിക്കുകയാണ് ചിത്രം.
സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ചിത്രം ആഗോളതലത്തിൽ ഇതിനോടകം 90 കോടി നേടിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ 100 കോടി ക്ലബ്ബിൽ ചിത്രം എത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കഴിഞ്ഞ ദിവസം ‘വർഷങ്ങൾക്ക് ശേഷം’ 21.31% ഒക്യുപ്പൻസി നിരക്ക് റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് മാത്രം ചിത്രം 30.76 കോടി രൂപ കളക്ഷൻ നേടിയിട്ടുണ്ട്.
ഏപ്രിൽ 11 ന് തിയറ്ററുകളിലെത്തിയ വർഷങ്ങൾക്ക് ശേഷം തിയറ്ററുകളിൽ മികച്ച സ്വീകാര്യത നേടി പ്രദർശനം തുടരുകയാണ്. ധ്യാൻ ശ്രീനിവാസൻ–പ്രണവ് ജോഡിക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള പ്രകടനം കണ്ടപ്പോൾ മോഹൻലാലിനെയും ശ്രീനിവാസനയെും ഓര്മ വന്നുവെന്ന് കൊച്ചിയിൽ സിനിമ കണ്ടതിന് ശേഷം സുചിത്ര മോഹൻലാൽ പറഞ്ഞിരുന്നു.
ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവർ കേന്ദ്രകഥാപത്രങ്ങളായെത്തിയ ചിത്രത്തിൽ നിവിൻ പോളിയും ഒരു പ്രധാനവേഷത്തിലെത്തിയിട്ടുണ്ട്. കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, ഷാൻ റഹ്മാൻ, നിരജ് മാധവ് എന്നിവരാണ് മറ്റുകഥാപാത്രങ്ങള അവതരിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക