ലോകം ചുറ്റിക്കാണാൻ ആഗ്രഹിക്കുന്ന ഏതൊരു സഞ്ചാരിയുടെയും സ്വപ്ന നഗരങ്ങളുടെ പട്ടികയിൽ ഉള്ളതാണ് വെനീസ്. ജലനഗരമെന്ന വിശേഷണമുള്ള വെനീസില്‍ ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും വന്ന് പോകാറുള്ളത്. ഇത് ഒരു ഘട്ടം കഴിഞ്ഞതോടെ അമിത ടൂറിസത്തിലേക്കും വഴിവെച്ചു. വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ ജനജീവിതത്തെയും സാരമായി ബാധിക്കാന്‍ ആരംഭിച്ചതോടെ വെനീസ് ചില നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. ഇപ്പോഴിതാ നഗരത്തില്‍ പ്രവേശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് ടിക്കറ്റ് കൊണ്ടുവന്നിരിക്കുകയാണ് വെനീസ്.
വെനീസില്‍ പ്രവേശിക്കാന്‍ അഞ്ച് യൂറോയാണ് ആവശ്യമായ ടിക്കറ്റ് നിരക്ക്. ഇത് പരിശോധിക്കാനായി വെനീസിന്റെ പ്രവേശന കവാടങ്ങളില്‍ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തും. സീസണ് സമയങ്ങളിലെ അമിത തിരക്കുള്ള ദിവസങ്ങളില്‍ മാത്രമാണ് തുടക്കത്തില്‍ ടിക്കറ്റ് ആവശ്യമായി വരിക. അല്ലാത്ത സമയങ്ങളില്‍ പഴയ രീതിയില്‍ തന്നെയായിരിക്കും പ്രവേശം.
ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ നഗരമെന്നറിയപ്പെടുന്ന വെനീസിലേക്ക് ഈ അടുത്ത കാലത്തായി വന്‍ ജനക്കൂട്ടമായിരുന്നു എത്തിയത്. സീസണ് സമയങ്ങളിലെ രാത്രികളില്‍ നഗരത്തിലെ ജനസംഖ്യയുടെ ഇരട്ടിയോളം ടൂറിസ്റ്റുകളാണ് വെനീസ് താമസിക്കുന്നതെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നത്. ഇത് പിന്നെയും വര്‍ധിക്കുകയും നഗരത്തിലെ സാധാരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുഷ്ക്കരമാകുകയും ചെയ്തതോടെയാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക