കണ്ണൂര്‍: ചെറുപുഴയില്‍ സ്കൂള്‍ കുട്ടികള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞു കയറി ഒരു വിദ്യാര്‍ത്ഥിനി മരിച്ചു. പെരിങ്ങോം സ്വദേശിനി ദേവനന്ദ രതീഷാണ് മരിച്ചത്. കൂടാതെ നാല് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.
വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. സ്കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന ചെറുപുഴ സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ പാഞ്ഞു കയറുകയായിരുന്നു.
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ അഞ്ച് കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ പെരിങ്ങോം വയക്കര സ്വദേശിനി ദേവനന്ദ രതീഷ്(13) ആണ് മരിച്ചത്. പരിക്കേറ്റ മറ്റ് കുട്ടികള്‍ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വഴിയരികല്‍ നിര്‍ത്തിയിരുന്ന മറ്റൊരു വാഹനത്തില്‍ ഇടിച്ച് നിയന്ത്രണം വിട്ട ശേഷമാണ് പിക്കപ്പ് വാന്‍ കുട്ടികള്‍ക്കിടയിലേക്ക് പാഞ്ഞെത്തിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതോ അമിത വേഗതയോ ആകാം അപകട കാരണമെന്നാണ് നിഗമനം. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് ഡ്രൈവര്‍ വളപട്ടണം സ്വദേശി അബ്ദുള്‍ കരീമിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക