അമേരിക്കൻ മോട്ടോർ സൈക്കിൾ നിർമാതാക്കളായ ഇന്ത്യൻ ബൈക്കുകളുടെ വില കുത്തനെ കുറിച്ചു. ഇറക്കുമതി ചുങ്കം നിരക്കിൽ നടപ്പായ മാറ്റത്തെ തുടർന്നാണ് നടപടി. വിവിധ മോഡലുകളുടെ വിലയിൽ മൂന്നു ലക്ഷം രൂപയുടെ വരെ ഇളവാണ് ഇന്ത്യൻ അനുവദിച്ചത്. ഇതോടെ ‘ഇന്ത്യൻ സ്കൗട്ട് സിക്സ്റ്റി’ വില 10.99 ലക്ഷം രൂപയായി; ‘ഇന്ത്യൻ റോഡ് മാസ്റ്ററി’ന്റെ വില 39 ലക്ഷം രൂപയുമായി.
ഇറക്കുമതി ചെയ്ത ബൈക്കുകൾക്കുള്ള ഇറക്കുമതി ചുങ്കം 50 ശതമാനമാക്കിയ സർക്കാർ തീരുമാനത്തിൽ ആഹ്ലാദമുണ്ടെന്നു പൊളാരിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും കൺട്രി ഹെഡുമായ പങ്കജ് ദുബെ അഭിപ്രായപ്പെട്ടു. വാഹനങ്ങൾക്കു വില കുറയുന്നതോടെ ഇന്ത്യയിലെ വിൽപ്പന ഗണ്യമായി ഉയരുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ സമ്മർദത്തെ തുടർന്നാണ് കേന്ദ്ര സർക്കാർ ഇറക്കുമതി ചെയ്ത മോട്ടോർ സൈക്കിളുകളുടെ ചുങ്ക നിരക്ക് പരിഷ്കരിച്ചത്. 800 സി സിയിൽ താഴെ എൻജിൻ ശേഷിയുള്ളളയുടെ ചുങ്കം 60 ശതമാനത്തിൽ നിന്ന് 50% ആയി കുറച്ചപ്പോൾ മറ്റു മോഡലുകളുടെ നിരക്ക് 75% ആയി പരിഷ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക