വിവാഹത്തിൽ പൊരുത്തത്തിനു വളരെയധികം പ്രാധാന്യം നൽകിവരുന്നവരാണ് ഹൈന്ദവ വിശ്വാസികൾ. പൊരുത്തം നോക്കിയില്ലെങ്കിലും നല്ലരീതിയിൽ ജീവിക്കുന്നവരില്ലേ? ഉത്തമ പൊരുത്തമുണ്ടായിട്ടും ജീവിതം തകർന്നവരില്ലേ? എന്ന മറുചോദ്യങ്ങളും ഉയർന്നു വരാം. എങ്കിലും മനപ്പൊരുത്തം പോലെ പ്രധാനമാണ് നാൾ പൊരുത്തവും. പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട നാളുകളെക്കുറിച്ച് നോക്കാം. ദോഷം സംഭവിച്ചിട്ടുണ്ടെങ്കിൽ പരിഹാരവും നിർദേശിക്കുന്നു.
അശ്വതി
അശ്വതി നക്ഷത്രത്തിലും അനുജന്മനക്ഷത്രങ്ങളായ മകം ,മൂലം നാളിലും ഗണപതി പ്രീതികരമായവ ചെയ്യുന്നത് ദാമ്പത്യ സൗഖ്യത്തിനു ഉത്തമം. തൃക്കേട്ടയുമായി വിവാഹം നടന്നാൽ സ്ഥാനഭ്രശമുണ്ടാവും. വിവാഹം നടന്നെങ്കിൽ ജന്മനാളിൽ മുടങ്ങാതെ സംവാദസൂക്തമന്ത്രാര്‍ച്ചന വഴിപാടായി നടത്തി പ്രാർഥിക്കുക.
ഭരണി
ഭരണി നക്ഷത്രത്തിലുള്ളവർക്ക് ഉത്തമ പങ്കളിയെ ലഭിക്കുന്നതിനായി അനുജന്മനക്ഷത്രങ്ങളായ പൂരം, പൂരാടം എന്നീ നാളിലും ഭദ്രകാളിയെയും സുബ്രമണ്യനെയും ഭജിക്കണം. സമ്പത്ത് നാശമുണ്ടാക്കുന്ന ദോഷമുള്ളതിനാല്‍ അനിഴവുമായി വിവാഹം പാടില്ല. ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ മുരുകനും ഭദ്രയ്ക്കും ജന്മനാളിൽ മുടങ്ങാതെ യഥാശക്തി വഴിപാടുകൾ നടത്തുക. മഹാലക്ഷ്മീസ്തവം, കനകധാരാസ്തോത്രം എന്നിവ ജപിക്കുക. മഹാലക്ഷ്മീപ്രീതികരമായവ അനുഷ്ഠിക്കുക.
കാർത്തിക
കാർത്തിക നക്ഷത്ര ദിനത്തിലും അനുജന്മനക്ഷത്രങ്ങളായ ഉത്രം, ഉത്രാടം, എന്നീ ദിവസങ്ങളിലും ദേവീപ്രീതിവരുത്തുന്നത് ഉത്തമം . സന്താനദോഷം വരുന്നതിനാൽ വിശാഖവുമായി വിവാഹം നടത്താതിരിക്കുന്നതാണ് നന്ന്. വിവാഹം നടന്നുവെങ്കിൽ ശ്രീകൃഷ്ണക്ഷേത്രത്തിൽ സന്താനഗോപാലമന്ത്ര അർച്ചന ഭക്തിയോടെ നടത്തി ദോഷം കുറയ്ക്കണം. സന്താനഗോപാലമന്ത്രം ജപിക്കുന്നതും ഉത്തമം.
രോഹിണി
രോഹിണി നക്ഷത്രക്കാർ വിഷ്ണുവിനെയും ദുർഗ്ഗയെയും ഭജിക്കണം . തിങ്കളാഴ്ച വ്രതം ,പൗർണമി വ്രതം എന്നിവ അനുഷ്ഠിക്കുന്നത് ഉത്തമ പങ്കാളിയെ ലഭിക്കാൻ ഉത്തമം. പങ്കാളിക്കു ദോഷമുണ്ടാകുന്നതിനാൽ ചോതിയുമായി വിവാഹം ഉചിതമല്ല . ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ തിങ്കളാഴ്ചതോറും സ്വയംവരപുഷ്പാഞ്ജലി നടത്തി പ്രാർഥിക്കണം. ഉമയെയും മഹേശ്വരനെയും ധ്യാനിച്ച് തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമം.
മകയിരം
പങ്കാളിയെ ജീവനുതുല്യം കരുതുന്ന ഈ നക്ഷത്രക്കാർക്കു ചില സമയങ്ങളിൽ സ്വരച്ചേർച്ചയില്ലായ്മ ഉണ്ടാകും. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ലളിതാസഹസ്രനാമം ജപിക്കുന്നത് ദാമ്പത്യ ഭദ്രതയ്ക്ക് നല്ലതാണ്. പ്രതികൂല നക്ഷത്രങ്ങളായ പുണർതം, ആയില്യം, പൂരം, മൂലം, പൂരാടം, ഉത്രാടം, ചിത്തിര, അവിട്ടം, അശ്വതി, കാർത്തിക, ഉതൃട്ടാതി എന്നീ നാളുകളുമായി വിവാഹം ഒഴിവാക്കുന്നത് നന്ന്. ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ മകയിരം നക്ഷത്രത്തിലും അനുജന്മനക്ഷത്രങ്ങളായ ചിത്തിര,അവിട്ടം നക്ഷത്രങ്ങളിലും ദേവീക്ഷേത്രദർശനവും ദേവീപ്രീതികരമായവ അനുഷ്ഠിക്കുകയും ചെയ്യുക.
തിരുവാതിര
തിരുവാതിര നക്ഷത്രത്തിലും അനുജന്മ നക്ഷത്രങ്ങളായ ചോതി ,ചതയ നക്ഷത്ര ദിനത്തിലും ശിവക്ഷേത്ര ദർശനവും കൂവളമാല സമർപ്പണവും ഉത്തമം. പങ്കാളിക്കു ദോഷമുണ്ടാകുന്നതിനാൽ തിരുവോണവുമായി വിവാഹം പാടില്ല. ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ തിങ്കളാഴ്ചവ്രതം, സ്വയംവരപുഷ്പാഞ്ജലി എന്നിവ നടത്തുന്നത് വളരെ ഗുണപ്രദമാണ്
പുണർതം
പുണര്‍തവും ബുനാഴ്ചയും ചേർന്നുവരുന്ന ദിവസങ്ങളില്‍ വ്രതമെടുത്ത് ശ്രീരാമക്ഷേത്രദര്‍ശനം നടത്തി ശക്തിയാൽ കഴിയുന്ന വഴിപാടുകൾ കഴിപ്പിക്കണം .പുണർതം നക്ഷത്രത്തിലും അനുജന്മനക്ഷത്രങ്ങളായ വിശാഖം, പൂരുരുട്ടാതി എന്നിവയിലും വിഷ്ണു ക്ഷേത്രദര്‍ശനം നടത്തണം. സന്താനദോഷം വരുന്നതിനാൽ ഉത്രാടവുമായി വിവാഹം ഒഴിവാക്കുക. വിവാഹം നടന്നുവെങ്കിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സന്താനഗോപാലാര്‍ച്ചന, പുരുഷസൂക്തപുഷ്പാഞ്ജലി എന്നിവ ഭക്തിയോടെ ചെയ്ത് ദോഷം കുറയ്ക്കണം.
പൂയം
പൂയം നക്ഷത്രക്കാർക്ക് ദാമ്പത്യജീവിതത്തില്‍ തിരിച്ചടികള്‍ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ഉത്തമപ്പൊരുത്തവും ശുഭമുഹൂര്‍ത്തവും വിവാഹത്തിനായി പരിഗണിക്കണം. സമ്പത്ത് നാശമുണ്ടാക്കുന്ന ദോഷംവരുന്നതിനാൽ പൂരാടവുമായി വിവാഹം ഒഴിവാക്കുക .വിവാഹം നടന്നുവെങ്കിൽ അഷ്ടലക്ഷ്മീസ്തോത്രം, ഭാഗ്യസൂക്തമന്ത്രജപം എന്നിവ നിത്യേന ഭക്തിയോടെ ജപിക്കുന്നത് ദോഷശാന്തിക്ക് നന്ന്.
ആയില്യം
സ്ഥാനഭ്രംശം സംഭവിക്കാവുന്ന ദോഷമുള്ളതിനാൽ മൂലവുമായി വിവാഹം പാടില്ല. ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ സംവാദസൂക്തപുഷ്പാഞ്ജലി നടത്തി പ്രാർഥിക്കണം. ഏകനക്ഷത്രദോഷം ഉള്ളതിനാല്‍ ആയില്യം നാളുള്ള പങ്കാളിയെ തിരഞ്ഞെടുക്കാൻ പാടില്ല നിത്യവും നവനാഗസ്തോത്രം ജപിക്കുന്നത് നന്ന് .
മകം
മകം നക്ഷത്രക്കാർ തടസ്സങ്ങൾ ഒന്നുമില്ലാതെ ഉത്തമ ദാമ്പത്യം ലഭിക്കാൻ ഗണേശപ്രീതി വരുത്തണം. മകം നക്ഷത്രവും ഞായറും ഒത്തുവരുന്ന ദിവസം സൂര്യ പ്രീതി അല്ലെങ്കില്‍ ശിവപ്രീതി കര്‍മ്മങ്ങള്‍ നടത്തണം. സ്ഥാനഭ്രംശം സംഭവിക്കാവുന്ന ദോഷമുള്ളതിനാൽ രേവതി നക്ഷത്രജാതരുമായി വിവാഹം ഒഴിവാക്കുക. വിവാഹം നടന്നെങ്കിൽ ജന്മനാളിൽ മുടങ്ങാതെ സംവാദസൂക്തമന്ത്രാര്‍ച്ചന വഴിപാടായി നടത്തി പ്രാർഥിക്കുക
പൂരം
സമ്പത്ത് നാശമുണ്ടാക്കുന്ന ദോഷമുണ്ടാവുന്നതിനാൽ ഉതൃട്ടാതി നക്ഷത്രജാതരുമായി വിവാഹം ഒഴിവാക്കുക .വിവാഹം നടന്നുവെങ്കിൽ അഷ്ടലക്ഷ്മീസ്തോത്രം, ഭാഗ്യസൂക്തമന്ത്രജപം എന്നിവ നിത്യേന ഭക്തിയോടെ ജപിക്കുന്നത് ദോഷശാന്തിക്ക് നന്ന്. അനുജന്മനക്ഷത്രങ്ങളായ ഭരണി, പൂരാടം ദിനങ്ങളിലും ജന്മനക്ഷത്രദിവസങ്ങളിലും ദേവീ ക്ഷേത്രദര്‍ശനം നടത്തണം. പൂരവും വെള്ളിയും ഒത്തുവരുന്ന ദിവസം വ്രതാനുഷ്ഠതോടെ ദേവീപ്രീതി വരുത്തണം
ഉത്രം
ഉത്രം നക്ഷത്രത്തിലും അനുജന്മനക്ഷത്രങ്ങളായ കാര്‍ത്തിക, ഉത്രാടം എന്നീ നക്ഷത്രദിനത്തിലും ശാസ്താക്ഷേത്രദർശനവും വഴിപാടുകളും നടത്തുന്നത് ദാമ്പത്യ ജീവിതം ശോഭനമാക്കും. സന്താനദോഷമുണ്ടാവുന്നതിനാൽ പൂരുരുട്ടാതിയുമായി വിവാഹം ഒഴിവാക്കുക . വിവാഹം നടന്നുവെങ്കിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സന്താനഗോപാലാര്‍ച്ചന, പുരുഷസൂക്തപുഷ്പാഞ്ജലി എന്നിവ ഭക്തിയോടെ ചെയ്ത് ദോഷം കുറയ്ക്കണം. നിത്യേന ഒൻപതു തവണ സന്താനഗോപാലമന്ത്രം ചൊല്ലുന്നത് അത്യുത്തമം .
അത്തം
ഗണപതിയേയും സൂര്യനെയും പ്രീതിപ്പെടുത്തുന്നത് ദാമ്പത്യജീവിതത്തിന് ഉത്തമം. അത്തം നക്ഷത്ര ദിനത്തിലും അനുജന്മനക്ഷത്രങ്ങളായ രോഹിണി, തിരുവോണം എന്നീ ദിനത്തിലും ക്ഷേത്രദര്‍ശനം നടത്തണം. പങ്കാളിക്കു ദോഷമുണ്ടാകുന്നതിനാൽ ചതയവുമായി വിവാഹം പാടില്ല. ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ ദീര്‍ഘമംഗല്യത്തിനായി തിങ്കളാഴ്ചവ്രതം, ജന്മനാൾ തോറും സ്വയംവരപുഷ്പാഞ്ജലി എന്നിവ നടത്തുന്നത് വളരെ ഗുണപ്രദമാണ്
ചിത്തിര
ചിത്തിര നക്ഷത്രജാതർ ഉത്തമ ദാമ്പത്യത്തിനായി ഭദ്രകാളിയെയും സുബ്രഹ്മണ്യനെയും നിത്യേന ഭജിക്കണം. വിശദമായ ജാതകപരിശോധയിലൂടെ ഏറ്റവും ചേരുന്ന നാളുമായി മാത്രമേ വിവാഹം നടത്താൻ പാടുള്ളു. മകയിരവുമായോ അവിട്ടവുമായോ വിവാഹം പാടില്ല. ഏകനക്ഷത്രദോഷം ഉള്ളതിനാല്‍ ചിത്തിര നാളുള്ള പങ്കാളിയെ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കുക. ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ ശിവക്ഷേത്രത്തില്‍ തിങ്കളാഴ്ചകളില്‍ മൃത്യുഞ്ജയ മന്ത്ര അർച്ചനയും ഹോമവും വഴിപാടായി സമർപ്പിക്കുക . നിത്യേന മൃത്യുഞ്ജയ മന്ത്രം ജപിക്കുന്നതും ഉത്തമം.
ചോതി
ചോതി നക്ഷത്രദിനത്തിലും അനുജന്മനക്ഷത്രങ്ങളായ തിരുവാതിര, ചതയം, എന്നീ ദിനത്തിലും രാഹുപ്രീതികരമായ കര്‍മ്മങ്ങളും ക്ഷേത്രദര്‍ശനം നടത്തുന്നതും ദാമ്പത്യത്തിന് ഉത്തമം. പങ്കാളിക്കു ദോഷമുണ്ടാകുന്നതിനാൽ രോഹിണിയുമായി വിവാഹം പാടില്ല. വിവാഹം കഴിഞ്ഞുവെങ്കിൽ ദീര്‍ഘമംഗല്യത്തിനായി തിങ്കളാഴ്ചവ്രതം, ജന്മനാൾ തോറും സ്വയംവരപുഷ്പാഞ്ജലി എന്നിവ നടത്തുന്നത് വളരെ ഗുണപ്രദമാണ്.
വിശാഖം
സന്താനദോഷമുണ്ടാക്കുന്നതിനാൽ കാര്‍ത്തിക നക്ഷത്രക്കാരുമായി വിവാഹം ഒഴിവാക്കുക . വിവാഹം നടന്നുവെങ്കിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സന്താനഗോപാലാര്‍ച്ചന, പുരുഷസൂക്തപുഷ്പാഞ്ജലി എന്നിവ ഭക്തിയോടെ ചെയ്ത് ദോഷം കുറയ്ക്കണം. നിത്യേന ഒൻപതു തവണ സന്താനഗോപാലമന്ത്രം ചെല്ലുന്നത് അത്യുത്തമം .
അനിഴം
ഈ നക്ഷത്രക്കാർ ശനിപ്രീതി വരുത്തുന്നത് ദാമ്പത്യത്തിന് ഉത്തമം. അനിഴം നക്ഷത്ര ദിനത്തിലും അനുജന്മനക്ഷത്രങ്ങളായ പൂയം, ഉതൃട്ടാതി എന്നീ നക്ഷത്ര ദിനങ്ങളിൽ ശിവ ക്ഷേത്രത്തിലോ ശാസ്താ ക്ഷേത്രത്തിലോ ദർശനം നടത്തി ചെയ്യാൻ പറ്റുന്ന വഴിപാടുകൾ നടത്തുക. സമ്പത്ത് നാശമുണ്ടാക്കുന്ന ദോഷമുള്ളതിനാല്‍ ഭരണിയുമായി വിവാഹം പാടില്ല. ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ മുരുകനും ഭദ്രയ്ക്കും ജന്മനാളിൽ മുടങ്ങാതെ യഥാശക്തി വഴിപാടുകൾ നടത്തുക. മഹാലക്ഷ്മീസ്തവം, കനകധാരാസ്തോത്രം എന്നിവ ജപിക്കുക. മഹാലക്ഷ്മീപ്രീതികരമായവ അനുഷ്ഠിക്കുക.
തൃക്കേട്ട
തൃക്കേട്ടയ്ക്ക് സ്ഥാനഭ്രംശം സംഭവിക്കാവുന്ന ദോഷമുള്ളതിനാൽ അശ്വതി നക്ഷത്ര ജാതരുമായി വിവാഹം പാടില്ല. ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ സംവാദസൂക്തപുഷ്പാഞ്ജലി നടത്തി പ്രാർഥിക്കണം. ഏകനക്ഷത്രദോഷം ഉള്ളതിനാല്‍ തൃക്കേട്ട നാളുള്ള പങ്കാളിയെ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കുക. ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ ശിവക്ഷേത്രത്തില്‍ തിങ്കളാഴ്ചകളില്‍ മൃത്യുഞ്ജയ മന്ത്ര അർച്ചനയും ഹോമവും വഴിപാടായി സമർപ്പിക്കുക . നിത്യേന മൃത്യുഞ്ജയ മന്ത്രം ജപിക്കുന്നതും ഉത്തമം.
മൂലം
ഏകനക്ഷത്രദോഷം ഉള്ളതിനാല്‍ മൂലം നാളുള്ള പങ്കാളിയെ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കുക. ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ ശിവക്ഷേത്രത്തില്‍ തിങ്കളാഴ്ചകളില്‍ മൃത്യുഞ്ജയ മന്ത്ര അർച്ചനയും ഹോമവും വഴിപാടായി സമർപ്പിക്കുക . നിത്യേന മൃത്യുഞ്ജയ മന്ത്രം ജപിക്കുന്നതും ഉത്തമം. സ്ഥാനഭ്രംശം സംഭവിക്കാവുന്ന ദോഷമുള്ളതിനാൽ ആയില്യം നക്ഷത്ര ജാതരുമായി വിവാഹം പാടില്ല. ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ സംവാദസൂക്തപുഷ്പാഞ്ജലി നടത്തി പ്രാര്‍ത്ഥിക്കണം.
പൂരാടം
ഈ നാളുകാരുടെ ഉപാസനാമൂർത്തി ലക്ഷ്മീനാരായണന്‍ ആയതിനാൽ പൂരാട നക്ഷത്രദിനത്തിൽ വിഷ്ണു ലക്ഷ്മീ ക്ഷേത്രദർശനം നടത്തുന്നത് ദാമ്പത്യജീവിതത്തിനും ജീവിതവിജയത്തിനും ഉത്തമം . സമ്പത്ത് നാശമുണ്ടാക്കുന്ന ദോഷമുള്ളതിനാല്‍ പൂയം നക്ഷത്രജാതരുമായി വിവാഹം ഒഴിവാക്കുക .വിവാഹം നടന്നുവെങ്കിൽ അഷ്ടലക്ഷ്മീസ്തോത്രം, ഭാഗ്യസൂക്തമന്ത്രജപം എന്നിവ നിത്യേന ഭക്തിയോടെ ജപിക്കുന്നത് ദോഷശാന്തിക്ക് നന്ന്
ഉത്രാടം
ഈ നാളുകാർ സൂര്യപ്രീതിവരുത്തുന്ന കർമ്മങ്ങൾ ദിനവും ചെയ്യുക. വിഷ്ണുവിനെയും ശിവനെയും ഒരുപോലെ ഭജിക്കുന്നത് ദാമ്പത്യത്തിനു ഉത്തമം. സന്താനനാശദോഷമുള്ളതിനാല് പുണർതം നക്ഷത്ര ജാതരുമായി വിവാഹം ഒഴിവാക്കുക . വിവാഹം നടന്നുവെങ്കിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സന്താനഗോപാലാര്‍ച്ചന, പുരുഷസൂക്തപുഷ്പാഞ്ജലി എന്നിവ ഭക്തിയോടെ ചെയ്ത് ദോഷം കുറയ്ക്കണം. നിത്യേന ഒൻപതു തവണ സന്താനഗോപാലമന്ത്രം ചെല്ലുന്നത് അത്യുത്തമം .
തിരുവോണം
ദിനവും വിഷ്ണുവിനെ ഭജിക്കുന്നതും പക്കപ്പിറന്നാൾ തോറും വിഷ്ണു സഹസ്രനാമം ചൊല്ലുന്നതും വിഷ്ണുക്ഷേത്ര ദർശനം നടത്തുന്നതും ദാമ്പത്യത്തിന് ഉത്തമം .പങ്കാളിക്ക് ദോഷമുണ്ടാക്കുന്നതിനാൽ തിരുവാതിര നക്ഷത്രജാതരുമായി വിവാഹം ഒഴിവാക്കുക. വിവാഹം കഴിഞ്ഞുവെങ്കിൽ തിങ്കളാഴ്ച വ്രതം അനുഷ്ടിച്ചു ഉമാമഹേശ്വര പ്രീതിവരുത്തുക.
അവിട്ടം
അവിട്ടം നക്ഷത്രക്കാർ മുരുകനെയും ഭദ്രകാളിയെയും പ്രീതിപ്പെടുത്തണം. ഏകനക്ഷത്ര ദോഷമുള്ളതിനാൽ അവിട്ടവുമായി വിവാഹം ഒഴിവാക്കുക. അവിട്ടത്തിന്റെ അനുജന്മ നക്ഷത്രകളായ മകയിരം,ചിത്തിര എന്നീ നക്ഷത്രജാതരുമായി വിവാഹം പാടില്ല. ദോഷം സംഭവിച്ചുവെങ്കിൽ ദിനവും ശിവ പ്രീതിവരുത്തുകയും മൃത്യുഞ്ജയ മന്ത്രം ഭക്തിയോടെ ജപിക്കുന്നതും പരിഹാര മാർഗമാണ്.
ചതയം
ഈ നക്ഷത്രക്കാരുടെ ഉപസനാമൂർത്തി നാഗങ്ങളായതിനാൽ നവനാഗസ്തോത്രം നിത്യവും ജപിക്കുക.രാഹു പ്രീതിവരുത്തുന്നത് ഉത്തമം. ശനിയുടെ അധിദേവതയായ ശാസ്താവിന് ശനിയാഴ്ചതോറും ശക്തിയാൽ കഴിയുന്ന വഴുപാടുകൾ സത്ഫലങ്ങൾ നൽകും. ഏകനക്ഷത്ര ദോഷമുള്ളതിനാൽ ചതയവുമായി വിവാഹം ഒഴിവാക്കുക. അത്തം നക്ഷത്രജാതരുമായി വിവാഹം പാടില്ല. ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ തിങ്കളാഴ്ചവ്രതം അനുഷ്ടിച്ചു ഉമാമഹേശ്വര പ്രീതിവരുത്തുക.
പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാർ നക്ഷത്രാധിപനായ വ്യാഴത്തെ പ്രീതിപ്പെടുത്താൻ പക്കപ്പിറന്നാൾ തോറും വിഷ്ണുക്ഷേത്ര ദർശനവും ശക്തിയാൽ കഴിയുന്ന വഴിപാടുകളും നടത്തുക. ചിത്തിര, ചോതി, വിശാഖം എന്നീ നക്ഷത്രജാതരുമായി വിവാഹം ഒഴിവാക്കുക. ദോഷപരിഹാരമായി ശനിയെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങൾ ചെയ്യുക.
ഉത്രട്ടാതി
ഉതൃട്ടാതി നക്ഷത്രജാതരുടെ രാശിനാഥന് വ്യാഴമാകയാല്‍ വിഷ്ണുപ്രീതിവരുത്തുന്നത് ഉത്തമം . വിഷ്ണുസഹസ്രനാമം ജപിക്കുന്നത് അത്യുത്തമം. സമ്പത്ത് നാശമുണ്ടാക്കുന്ന ദോഷമുള്ളതിനാല്‍ പൂരം നക്ഷത്രജാതരുമായി വിവാഹം ഒഴിവാക്കുക .വിവാഹം നടന്നുവെങ്കിൽ അഷ്ടലക്ഷ്മീസ്തോത്രം, ഭാഗ്യസൂക്തമന്ത്രജപം എന്നിവ നിത്യേന ഭക്തിയോടെ ജപിക്കുന്നത് ദോഷശാന്തിക്ക് നന്ന്.
രേവതി
രേവതി നക്ഷത്രക്കാർ വിഷ്ണുപ്രീതിവരുത്തുന്നത് ഉത്തമമാണ്. പക്കപ്പിറന്നാൾ തോറും ശക്തിയാൽ കഴിയുന്ന വിഷ്ണുപൂജകള്‍ ചെയ്യണം. സ്ഥാനഭ്രംശം സംഭവിക്കാവുന്ന ദോഷമുള്ളതിനാൽ മകം നക്ഷത്രജാതരുമായി വിവാഹം ഒഴിവാക്കുക . വിവാഹം നടന്നെങ്കിൽ ജന്മനാളിൽ മുടങ്ങാതെ സംവാദസൂക്തമന്ത്രാര്‍ച്ചന വഴിപാടായി നടത്തി പ്രാർഥിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക