തൊമ്മൻകുത്ത് ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപമുള്ള ഒരു വെള്ളച്ചാട്ടമാണ്. നാക്കയംവഴി ഒഴുകുന്ന പുഴ മുത്തിമുക്കില്‍ മനയത്തടം പുഴയുമായി ഒന്നുചേരുന്നു. ഇതിനു എട്ടു കിലോമീറ്റര്‍ താഴെയാണ് തൊമ്മന്‍കുത്ത് പുഴ. വണ്ണപ്പുറം, കരിമണ്ണൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് തൊമ്മന്‍കുത്ത്. നാക്കയം കുത്ത്, മുത്തിമുക്ക്കുത്ത്, കുടച്ചിയാര്‍കുത്ത്, ചെകുത്താന് കുത്ത്, തേന്‍കുഴി കുത്ത്, കൂവമലക്കുത്ത്, ഏഴുനിലകുത്ത് തുടങ്ങി നിരവധി കുത്തുകളുള്ള തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം പ്രകൃതി മനോഹാരിതകൊണ്ട് സഞ്ചാരികളെ മനം കവരുന്ന ഇടമാണ്. വേനൽക്കാലത്ത് ഇവിടം ട്രക്കിങ്ങ് നടത്തുന്നതിന് വളരെ അനുയോജ്യമാണ്. എന്നാൽ മഴക്കാലത്ത് അപകടസാധ്യത കൂടുതലാണ്.
ആദ്യകുത്തില്നിന്ന് പുഴയോരംചേര്ന്ന് ഒന്നരകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഏഴുനില കുത്തിലെത്താം. ഇതിനു താഴെയായി സഞ്ചാരികള്‍ക്ക് പ്രകൃതിദൃശ്യങ്ങള്‍ പകര്ത്തുന്നതിനു സൗകര്യപ്രദമായ പരന്ന പാറ സ്ഥിതി ചെയ്യുന്നു. ഈ പാറയെ ചുറ്റിയാണ് പുഴ ഒഴുകുന്നത്. ഇതിനു സമീപം വലിയ ഒരു കയമുണ്ട്. കയത്തിനു താഴെ തെളിനീരായി വെള്ളമൊഴുകുന്നു. ഇവിടെ നീരാടാന്‍ സഞ്ചാരികള്‍ക്ക് ഹരമാണ്. ഇതിന്റെ മറുവശത്ത് കോതമംഗലം ഡിവിഷന്റെ കീഴിലുള്ള വനമേഖലയും മറുവശത്ത് ഇടുക്കി വനവും സ്ഥിതി ചെയ്യുന്നു. വേനല്‍ക്കാലത്ത് ആനകള്‍ ഇവിടെ എത്താറുള്ളതായി നാട്ടുകാര്‍ പറയുന്നു.
തൊടുപുഴയില്‍നിന്നും കരിമണ്ണൂര്വഴി 20 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തൊമ്മന്‍കുത്ത് ജംഗ്ഷനിലെത്താം. ഇവിടെനിന്നു രണ്ടു കിലോമീറ്റര്‍ ദൂരമേയുള്ളൂ തൊമ്മന്‍കുത്ത് വെള്ളച്ചാട്ടത്തിലെത്താന്‍. പുഴയുടെ ഇരുവശങ്ങളിലൂടെയും ഇടതൂര്ന്നുനില്ക്കുന്ന ഈട്ടി, ഇലുപ്പ തുടങ്ങിയ വന്‍ മരങ്ങള്‍ സുഖശീതളമായ അന്തരീക്ഷം ഒരുക്കുന്നു.
കിഴക്ക് പാല്‍ക്കുളം മേട്ടില്‍നിന്നും ഒരു നീര്‍ച്ചാലായി ഉത്ഭവിക്കുന്ന പുഴ പല കുത്തുകള്‍ പിന്നിട്ടാണ് തൊമ്മന്‍കുത്ത് വെള്ളച്ചാട്ടമായി മാറുന്നത്. ഏഴുനില കുത്തില്‍ പുഴ പല തട്ടുകളായി പത്തുമീറ്റര്‍ മുകളില്‍നിന്നും താഴേക്കു പതിക്കുന്ന രംഗം അവസ്മരണീയമായ കാഴ്ചയാണ്.
Also Read: നട്ടുച്ചയിലും പെയ്തിറങ്ങുന്ന പൊന്മുടിയിലെ കോടമഞ്ഞ് ആസ്വദിക്കാൻ പോവാം
പ്രതികരിക്കാൻ ഇവിടെ എഴുതുക