അടുത്ത മാസം കുവൈറ്റില്‍ ജോലി ചെയ്യുന്ന 3140 വിദേശികളെ പിരിച്ചു വിടുമെന്ന് സിവില്‍ സര്‍വ്വീസ് കമ്മീഷന്. പൊതുമേഖലയില്‍ ജോലിചെയ്യുന്നവരെയാണ് പിരിച്ചുവിടുന്നത്. സ്വദേശികളെ നിയമിക്കുന്നതിന് വേണ്ടിയാണ് വിദേശികളെ ഒഴിവാക്കുന്നതെന്ന് സിവില്‍ സര്‍വ്വീസ് കമ്മീഷന് വ്യക്തമാക്കി.
കൂടാതെ പൊതുമേഖലയിലെ സ്വദേശിവത്കരണം സമയബന്ധിതമായി നടക്കുന്നുണ്ടെന്നും,സിവില്‍ സര്‍വ്വീസ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത ബിരുദ യോഗ്യതയുള്ളവരുടെ പട്ടിക അടുത്ത മാസം പ്രഖ്യാപിക്കുമെന്നും കമ്മീഷന് അറിയിച്ചു. രജിസ്റ്റര്‍ ചെയ്ത അപേക്ഷകരുടെ വിവരങ്ങള്‍ പരിഷ്കരിക്കുന്നതിനായി സിവില്‍ സര്‍വ്വീസ് കമ്മീഷന് തയ്യാറാക്കിയ രൂപരേഖ പാര്‍ലമെന്റിലെ സ്വദേശിവത്ക്കരണ സമിതി ഐക്യകണ്ഠേന അംഗീകരിച്ചു.
അതേസമയം സര്‍ക്കാര്‍ ജോലിക്കായി സിവില്‍ സര്‍വ്വീസ് കമ്മീഷനില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന 10000 സ്വദേശി യുവാക്കളുടെ നിയമന കാര്യം ചര്‍ച്ച ചെയ്യാന്‍ സമിതി 10ന് യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക