രാജ്യത്തെ പോലീസ് ഫെയ്സ്ബുക്ക് പേജുകളിൽ ഏറ്റവും കൂടുതൽ ലൈക്കുള്ള പേജ് എന്ന ക്രെഡിറ്റ് ഇനി നമ്മുടെ സ്വന്തം കേരളാ പോലീസിന് സ്വന്തം. ബെംഗളൂരു ട്രാഫിക് പൊലീസിനെ തോല്‍പ്പിച്ചാണ് കേരളാ പൊലീസിന്റെ ഫെയ്സ്ബുക്ക് പേജ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
ഈ നേട്ടത്തിന് വഴിവച്ചതോ ഈ മാസം 24 ന് കേരളാ പോലീസ് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ച ഒരു ട്രോളും. ഇന്ത്യയിലെ പോലീസ് വകുപ്പിലെ ഫേസ്ബുക് പേജുകളില്‍ രണ്ടാം സ്ഥാനത്ത് എത്തിയ വിവരം കേരളാ പൊലീസ് 24 ന് പങ്കുവച്ചിരുന്നു. ബെംഗളൂരു ട്രാഫിക് പൊലീസിനെ മറികടക്കാന്‍ ലൈക്ക് ചോദിക്കുന്ന ട്രോള്‍ സഹിതമായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്.
ഏതായലും ട്രോൾ ഏറ്റതോടെ കേരളാ പോലീസിന്റെ പേജ് ലൈക് 496,170 ലേക്കെത്തി. ബെംഗളൂരു ട്രാഫിക് പോലീസിന് ഇപ്പോൾ 494,805 ലൈക്ക് മാത്രമാണുള്ളത്. എന്നാൽ ഈ നേട്ടത്തിന്റെ ക്രെഡിറ്റ് ട്രോളിനു മാത്രം നൽകാനാവില്ല. കുറച്ചു കാലമായി ഫെയ്സ്ബുക്കില്‍ സജീവമായിരിക്കുകയാണ് കേരള പൊലീസിന്റെ ഒഫീഷ്യല്‍ പേജ്. പൊതുജനങ്ങളിലേക്ക് എത്രയും വേഗത്തില്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കേരള പൊലീസ് പേജ് സജീവമാക്കിയത്. പൊതുജനത്തെ ആകര്‍ഷിക്കുന്ന രീതിയില്‍ സരസമായി തന്നെയാണ് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നത്. ഇക്കാരണങ്ങളാൽ തന്നെയാണ് ഇന്ത്യയിലെ പോലീസ് വകുപ്പിലെ ഫേസ്ബുക് പേജുകളില്‍ ഒന്നാം സ്ഥാനത്ത് കേരളാ പോലീസ് എത്തിയിരിക്കുന്നത്.
കേരളാ പോലീസ് ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
നമുക്ക് ഒന്നാമതെത്തണ്ടേ?
പൊതുജനങ്ങളോട് ചേർന്ന് നിന്ന് സംവദിക്കുന്നതിനും അവർക്കുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനാണ് കേരള പോലീസ് ഫേസ്ബുക്ക് പോലുള്ള നവമാധ്യമങ്ങളിൽ സജീവമായിട്ടുള്ളത്. അതിന് നിങ്ങൾ നൽകിയ പൂർണ്ണപിന്തുണ ഞങ്ങളെ ഇന്ത്യയിലെ പോലീസ് വകുപ്പിലെ ഫേസ്ബുക് പേജുകളിൽ രണ്ടാമതെത്തിച്ചിരിക്കുകയാണ് 🙏.
494 k പേജ് ലൈക്കുകളുള്ള ബെംഗളൂരു ട്രാഫിക് പോലീസിന്റെ ഫേസ്ബുക് പേജാണ് നമുക്ക് മുന്നിലുള്ളത്. ☹
കേരള പോലീസിന്റെ മാർഗ്ഗ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും എല്ലാവരിലുമെത്തിക്കുന്നതിന് നമുക്കൊന്നായി ശ്രമിക്കാം …🤝
Together … We can💪
പ്രതികരിക്കാൻ ഇവിടെ എഴുതുക