മലയാളികളുടെ മാത്രം സ്വന്തം ഉത്സവമായ ഓണം ഇതാ പടിവാതിൽക്കൽ വന്നു നിൽക്കുകയാണ്. ഓണം മലയാളിയെ സംബന്ധിച്ച് സ്വപ്ന സാക്ഷാത്കാരത്തിന്റെ കൂടി വേളയാണ്. ഒരു സാധനം വാങ്ങണമെന്നോ എവിടെയെങ്കിലും പ്രത്യേകമായി പോകനുണ്ടങ്കിലോ ഒക്കെ മലയാളികൾ പറയുക ഓണത്തിന് വാങ്ങാം അല്ലെങ്കിൽ ഓണത്തിന് പോകാം എന്നാണ്. അത്രയും നാൾ മാറ്റി വയ്ക്കപ്പെട്ട സ്വപ്നങ്ങൾ നടത്തിയെടുക്കുന്ന ഓണത്തിന് കൈയിലെ കാശ് ശ്രദ്ധിച്ചുപയോഗിക്കേണ്ടത് അത്യാവശ്യമാണ്.
കടം വാങ്ങിയായാലും ഓണം ആഘോഷിക്കുന്നതിൽ മലയാളികൾ വിട്ടുവീഴ്ച കാണിക്കാറില്ല. എന്നാൽ ഓണം കഴിയുന്നതോടെ മലയാളികളുടെ പോക്കറ്റ് കാലിയാകുന്നത് പതിവാണ്. ഇത് ഒഴിവാക്കി ഓണം ബഡ്ജറ്റ് ഫ്രണ്ട്ലി ആയി ആഘോഷിക്കാൻ ഈ 5 ടിപ്സുകൾ മനസ്സിൽ സൂക്ഷിച്ചോളൂ.
ഓഫ് സീസൺ ഷോപ്പിംഗ്
ഓണത്തിനായാലും മറ്റേത് വിശേഷവേളയിലായാലും ഏറ്റവും കൂടുതൽ ചിലവ് വരുന്നത് ഷോപ്പിംഗിനാണ്. ഇത് മനസ്സിലാക്കിക്കൊണ്ട് തന്നെ കച്ചവടക്കാർ ആ സമയത്ത് വില കുത്തനെ ഉയർത്തും. ഇത് മുന്നിൽ കണ്ട ഓണത്തിന് ഒരു മാസമെങ്കിലും മുന്നേ ഇത്തരത്തിലുള്ള ഷോപ്പിംഗുകൾ നടത്തുന്നത് കാശ് മിച്ചം പിടിക്കാൻ സഹായിക്കും. പ്രമുഖ വസ്ത്രശാലകളും മറ്റ് കച്ചവടസ്ഥാപനങ്ങളും ആടിക്കിഴിവ് പോലുള്ള ഡിസ്കൗണ്ട് വ്യാപാരം ഇപ്പോൾ നടത്തുന്നുണ്ട്. അതിനാൽ ഓണം ഷോപ്പിംഗിനായി ഈ സമയം മാറ്റിവയ്ക്കുന്നതാണ് നല്ലത്. നേരത്തെ വാങ്ങിയാൽ സ്ത്രീകൾക്കും കുട്ടികൾക്കുമൊക്കെ അവരുടെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രങ്ങൾ തയ്പ്പിച്ചെടുക്കാവുന്നതുമാണ്.
റീസൈക്കിൾ ആൻഡ് റീയൂസ്
അലമാര തിരഞ്ഞാൽ ദിവസങ്ങളായി ഉപയോഗിക്കാതെ മടക്കി വച്ചിരിക്കുന്ന സാരിയും ചുരിദാറുമൊക്കെ ഇപ്പോളും പുതുപുത്തനായി തന്നെ ഇരിക്കുന്നത് കാണാം. ഇവ പുറത്തെടുത്ത് നമ്മുടേതായ രീതിയിൽ ഒന്ന് റീസൈക്കിൾ ചെയ്തെടുക്കാം. സാരിയാണെങ്കിൽ ബോർഡറുകളും പല്ലുവും വെട്ടിമാറ്റി ഇപ്പോൾ ഏത് മെറ്റീരിയലാണോ ട്രെൻഡ് അത് വച്ചുപിടിപ്പിച്ച് ന്യൂ സ്റ്റൈൽ ഉണ്ടാക്കാം. ഓരോ ഓണത്തിനും ഓരോ കേരളം സാരി വാങ്ങുന്ന പതിവ് വേണ്ട. പഴയതൊരെണ്ണം എടുത്ത് കാശാവിന്റെ ഭാഗത്ത് കലംകാരി വർക്കുള്ളതോ ചെക്ക്, ഫ്ലവർ പ്രിന്റുകളോ ഉള്ളതായ മെറ്റീരിയൽ വാങ്ങി യോജിപ്പിച്ച് മാച്ചിങ് ബ്ലൗസുമിട്ടാൽ സെല്ഫ് ഡിസൈൻഡ് കേരളം സാരിയിൽ ഓണാഘോഷത്തിന് തിളങ്ങാം.
അഡ്വാൻസ് ബുക്കിംഗ്
ഓണക്കാലത്തിന് വീട്ടുപകരണങ്ങളോ വാഹനങ്ങളോ സ്വർണ്ണമോ ഒക്കെ വാങ്ങുന്ന പതിവുണ്ട്. ഓണസമയത്ത് എന്തായാലും ഇതിന്റെയൊക്കെ വില കൂടും. അതുകൊണ്ട് അഡ്വാൻസ് ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്തുക. വില കുറവുള്ള സമയത്ത് ബുക്ക് ചെയ്തിട്ടിരുന്നാൽ ഓണക്കാലമാകുമ്പോഴേക്കും അതെ വിലയ്ക്ക് നമുക്ക് ഇത്തരം സാധനങ്ങൾ വാങ്ങാം.
ബോണസ് ഉപയോഗിക്കുമ്പോൾ വേണം ശ്രദ്ധ
ഓണത്തിന് കിട്ടുന്ന ബോണസ് കണ്ണും പൂട്ടി ഉപയോഗിച്ച് തീർക്കാൻ വരട്ടെ. ഇതിൽ നിന്നും അത്യാവശ്യത്തിനു മാത്രം ഉപയോഗിച്ചതിന് ശേഷം ബാക്കിയുള്ളത് ബാങ്കിലോ മറ്റേതെങ്കിലും ഉയർന്ന റിട്ടേൺസ് തരുന്ന ഇൻവെസ്റ്റ്മെന്റിലോ ഇടാം. ഇത് ഭാവിയിൽ ഗുണം ചെയ്യും. എല്ലാ തവണയും കിട്ടുന്ന ബോണസിൽ നിന്നും ഒരു ഭാഗം ഇത്തരത്തിൽ സൂക്ഷിച്ചാൽ ഉത്സവ സീസണുകളിലെ ചിലവുകളെപ്പറ്റി പിന്നെ ഭയപ്പെടേണ്ട കാര്യമില്ല.
ക്രെഡിറ്റ് കാർഡിനോട് നോ പറയൂ
ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുക. ഇത് പിന്നീടുള്ള ബഡ്ജറ്റിന്റെ താളക്രമം ഇല്ലാതാക്കുന്നതിനും കടത്തിൽ കൂപ്പുകുത്തുന്നതിനും ഇടയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക