വിദേശികളായ സ്ത്രീയും പുരുഷനും ചേർന്ന് തിരുവനന്തപുരംജില്ലയിലെ ആറ്റിങ്ങലിലെ ഫോറിന് മണി എക്സ്ചേഞ്ചില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപയ്ക്കുള്ള വിദേശ കറന്‍സികള്‍ തട്ടിയെടുത്ത് കടന്നു. കച്ചേരി റോഡിലെ വി.എസ്. അസോസിയേറ്റ്സില്‍ നിന്ന് ഇന്നലെ ഉച്ചയോടെയാണ് ഇരുവരും പണം കവർന്നത്.
1000 ദിർഹത്തിന് ചെയിഞ്ച് വേണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഇവര്‍ കൗണ്ടറില്‍ ഉണ്ടായിരുന്ന ആള് ചെയിഞ്ച് എടുക്കാന്‍ അകത്തേയ്ക്കുപോയ തക്കംനോക്കി മേശയില്‍ ഉണ്ടായിരുന്ന വിദേശ കറന്‍സികള്‍ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു . 7500 സൗദി റിയാല്‍, 75 കുവൈറ്റ് ദിനാര്‍ എന്നിവയാണ് കവര്‍ന്നത്.
കഴിഞ്ഞയാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറിൻ മണി എക്ചേഞ്ച് സ്ഥാപനത്തില്‍ തട്ടിപ്പു നടന്നിരുന്നു. ആറ്റിങ്ങലിലെ സ്ഥാപന ഉടമ മെഡിക്കൽ കോളേജിലെ ഫോറിൻ മണി എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇരുസ്ഥലങ്ങളിലും കവർച്ച നടത്തിയത് ഒരേ ആളുകളാണെന്ന് കണ്ടെത്തി.
ആറ്റിങ്ങലിലെ സ്ഥാപനത്തില്‍ കുറച്ചു ദിവസമായി സി.സി.ടി.വി ക്യാമറ പ്രവർത്തിക്കാത്തതിനാൽ ദൃശ്യങ്ങള്‍ ലഭ്യമായിരുന്നില്ല. ആറ്റിങ്ങല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ദേശീയ പാതയില്‍ സ്ഥാപിച്ചിട്ടുള്ള കാമറകളില്‍ നിന്ന് വിദേശികളുടെ ദൃശ്യങ്ങള്‍ ശേഖരിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക