കാണാൻ ഇത്തിരി കുഞ്ഞൻ ആണെങ്കിലും നമ്മുടെ കാന്താരി ആളൊരു നിസ്സാരക്കാരനല്ല. നിരവധി രോഗങ്ങൾ അകറ്റാനുള്ള കഴിവ് കാന്താരിക്കുണ്ട്. രണ്ടു കാന്താരി മുളകും ഇത്തിരി ഉപ്പും അര ടീസ്പൂണ്‍ വെളിച്ചണ്ണയും ഉണ്ടെങ്കിൽ എത്ര ചോറ് വേണമെങ്കിലും ഉണ്ണാം എന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാൽ ഈ പറയുന്ന രുചിപ്പെരുമക്ക് അപ്പുറമാണ്, കാന്താരിയുടെ ഔഷധ ഗുണം. എരിവ് കൂടുന്തോറും ഔഷധമൂല്യവും കൂടും എന്നാണ് പറയപ്പെടുന്നത്. കാന്താരിയിൽ അടങ്ങിയിരിക്കുന്ന രസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാൻ കഴിവുണ്ട്. ഇതിന്റെ എരിവിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്സിനോയിഡുകളാണ്. പല ആയുര്‍വേദ മരുന്നുകളുടെയും പ്രധാനഘടകവും ഈ രാസപദാര്‍ഥങ്ങള്‍ തന്നെ. കാന്താരിയുടെ മറ്റ് പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം,
കാന്താരിയിലെ ജീവകം സി ശ്വാസകോശ രോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. എരിവ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നവരില്‍ ഉയര്‍ന്ന പ്രതിരോധശേഷി ഉണ്ടാവും.
കാന്താരിയുടെ എരിവിനെ പ്രതിരോധിക്കാന്‍ ശരീരം ധാരാളം ഊര്‍ജം ഉല്പാദിപ്പിക്കേണ്ടി വരുമെന്നതിനാല്‍ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവിനെ നിയന്ത്രിക്കുന്നതിന് കാന്താരിയുടെ ഉപയോഗം പ്രയോജനപ്പെടുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍.
രക്തക്കുഴലുകള്‍ കട്ടിയാവുന്നത് തടയാന്‍ കാന്താരി കഴിക്കുന്നതിലൂടെ സാധിക്കും. രക്തത്തെ നേര്‍പ്പിക്കുന്ന ചില ഘടകങ്ങളും കാന്താരിയിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. രക്തയോട്ടം വര്‍ദ്ധിപ്പിക്കാനുള്ള കഴിവ് എരിവിനുണ്ട്. എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ഇത് രക്തചംക്രമണ വ്യവസ്ഥയെ ത്വരിതപ്പെടുത്തും.
കാന്താരി എല്ലാ ഔഷധങ്ങള്‍ക്കും രാസത്വരകമായി പ്രവര്‍ത്തിക്കുന്നു. ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും.
ഭാരക്കുറവിന് സഹായിക്കും. ജലദോഷത്തിനും പരിഹാരമാണ് എരിവ് ഉള്ള കാന്താരി.
ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും. ഹൃദയസംബന്ധമായ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിച്ച് ഹൃദയത്തെ സംരക്ഷിക്കാനും കാന്താരിക്ക് കഴിയും.
തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ വേദനസംഹാരിയായി പ്രവര്‍ത്തിക്കാനും കാന്താരിക്ക് കഴിയും.
കാന്താരിരസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക