സൂപ്പർഹിറ്റ് ചലച്ചിത്രമായ പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജെയുടെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു. പുലിമുരുകൻ എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റിനു ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രത്തിൽ തമിഴ് നടൻ ജയ് ഒരു പ്രധാന വേഷമവതരിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയോടൊപ്പം ജയ്യും പ്രത്യക്ഷപ്പെടുന്ന ഒരു പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്.
ചിത്രത്തിൽ ജയ്യ്ക്ക് രാജയുടെ അനിയൻ വേഷമാണെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാൽ രാജയുടെ സ്വന്തം അനിയൻ സൂര്യ എന്ന കഥാപാത്രമായല്ല ജയ് വേഷമിടുന്നത്. രാജയെ വളർത്തി വലുതാക്കിയ മണിയണ്ണൻ എന്ന കഥാപാത്രത്തിന്റെ മകനായാണ് ജയ് എത്തുന്നത്.
പോക്കിരിരാജയിൽ രാജയുടെ അനിയൻ സൂര്യയുടെ വേഷം കൈകാര്യം ചെയ്തത് പൃഥ്വിരാജായിരുന്നു. എന്നാൽ അടുത്തിടെ ഒരഭിമുഖത്തിൽ തന്നെ പുതിയ ചിത്രത്തിലേക്ക് ആരും ക്ഷണിച്ചിരുന്നില്ല എന്നും. ക്ഷണിച്ചിരുന്നേൽ തീർച്ചയായും ചെയ്യാൻ ഇഷ്ടമുള്ള ഒരു വേഷമായിരുന്നു ഇതെന്നും പൃഥ്വി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക