വെബ് സീരീസ് രംഗത്ത് പുതിയ ചരിത്രം കുറിച്ച് മുന്നേറുന്ന കരിക്കിന്റെ തേരാപാര സീരിസ് സിനിമയാകുന്നു. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ യൂട്യൂബ് ചാനലിൽ പുറത്തുവിട്ട്കൊണ്ടാണ് അണിയറ പ്രവർത്തകർ ഈ വാർത്ത ആരാധകരെ അറിയിച്ചത്. ചെറിയ സമയം കൊണ്ട് തന്നെ പ്രായഭേദമില്ലാത്ത ജനങ്ങൾക്കിടയിൽ തരംഗമായി മാറിയ വെബ് സീരീസ് കൂട്ടായ്മയാണ് കരിക്ക്.
ലക്ഷകണക്കിന് ആരാധകരുള്ള കരിക്ക് ചാനലിലൂടെ പുറത്തുവിട്ട പോസ്റ്റർ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു. 2020 ലായിരിക്കും ചിത്രം ഇറങ്ങുക എന്ന് കരിക്കിന്റെ അണിയറക്കാര്‍ അറിയിച്ചിട്ടുണ്ട്. കരിക്ക് ഷോ റണ്ണര്‍ നിഖില്‍ പ്രസാദാണ് തേരാ പാരാ ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും ഇദ്ദേഹത്തിന്റെ തന്നെയാണ്. സുനില്‍ കാര്‍ത്തികേയനാണ് ഛായാഗ്രഹണം നിർവഹിക്കുക. പിഎസ് ജയഹരിയാണ് സംഗീതം ചെയുന്നത്.
വെബ് സീരീസുകൾ അനവധി ഉണ്ടെങ്കിലും മലയാളത്തിൽ അവ താരതമ്യേനെ കുറവാണ്. എന്നാൽ വളരെ പെട്ടെന്നു തന്നെ ജനപ്രീതി നേടിയ അവതരണമാണ് കരിക്കിന്റെത്. മികച്ച അഭിനേതാക്കളും നൂതനവും വ്യത്യസ്തവുമായ നർമ്മത്തിൽ പൊതിഞ്ഞ ആശയങ്ങളുമാണ് കരിക്കിനെ മറ്റു സീരീസുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. നിഖിൽ പ്രസാദിന്റെ കൂടെ ശബരീഷ് സജിൻ, ആനന്ദ് മാത്യൂസ്, ബിനോയ് ജോൺ, അർജുൻ രത്തൻ, അനു കെ. അനിയൻ, കിരൺ വിയ്യത്, ജീവൻ സ്റ്റിഫൻ, ഉണ്ണി മാത്യൂസ് തുടങ്ങിയ ഒരു കൂട്ടം ചെറുപ്പക്കാരാണ് കരിക്കിന്റെ അഭിനേതാക്കൾ.
തേരാപാരയിൽ ഷിബുവായി ബിനോയ് ജോണും ലോലനായി ശബരീഷ് സജിനും ജോർജായി അനു കെ. അനിയനും ശംബുവായി ആനന്ദ് മാത്യൂസുമാണ് എത്തിയത്. ഈ നാൽവർ സംഘത്തിന്റെ ജീവിതത്തിൽ നടക്കുന്ന തമാശകളും അമളികളും പ്രശ്നനങ്ങളും പരിഹാരങ്ങളും എല്ലാം സൗഹൃദത്തിന്റെയും നര്‍മത്തിന്റെയും രസക്കൂട്ടിൽ പറഞ്ഞു പോയ 20 ഭാഗങ്ങളാണ് തേരാപാരയിൽ ഉള്ളത്. ഇതിന്റെ അവസാന എപ്പിസോഡിൽ അതിഥി താരങ്ങളായി അജു വർഗീസും സാനിയ ഇയ്യപ്പനും എത്തിയിരുന്നു.
തേരാപാരാ കൂടാതെ മറ്റ് അനവധി വിഡിയോകൾ കരിക്ക് അവതരിപ്പിച്ചിട്ടുണ്ട്. ഇവയൊക്കെ യൂട്യൂബിൽ വൻ വിജയം നേടി മുന്നേറുമ്പോള്ളാണ് ആരാധകർക്ക് ഇരട്ടി മധുരവുമായി ഈ പ്രഖ്യാപനം എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക