തിരുവനന്തപുരം : സംസ്ഥാനത്ത് ദുരിതം വിതച്ച മഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം .
ഇന്ന് ഒരിടത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല . എന്നാല്‍ ഒറ്റപ്പെട്ട കനത്ത മഴ പ്രവചിക്കുന്ന ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്.
അതേസമയം, ഇന്ന് പുതിയ ന്യൂനമര്‍ദ്ദം രൂപംകൊണ്ടിട്ടുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു. സംസ്ഥാനത്തെ മഴക്കെടുതില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 82 ആയി . സംസ്ഥാനത്താകെ 2,61,292 പേര് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്.
കാണാതായവരില്‍ കൂടുതലും മലപ്പുറത്ത് കവളപ്പാറയിലും പുത്തുമലയിലുമാണ്. ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മലപ്പുറം കവളപ്പാറയില്‍ തെരച്ചില്‍ തുടരുകയാണ്.
പുത്തുമലയിൽ ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെ മരിച്ചവരുടെ എണ്ണം 10 ഉം, കണ്ടെത്താനുള്ളവരുടെ എണ്ണം 7 ആയി. നാട്ടുകാരുടെ കണക്കുപ്രകാരം കണ്ടേത്തേണ്ടവരുടെ എണ്ണം ഇതിലും ഏറെയാണ്.
മലപ്പുറം കോട്ടക്കുന്നില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി.
ശരത്തിന്റെ അമ്മ സരോജിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച ശരത്തിന്റെ ഭാര്യ ഗീതു (22), ഒന്നര വയസുള്ള മകന് ധ്രുവ് എന്നിവരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക