കുക്കുർബിറ്റേസി കുടുംബത്തിൽപ്പെടുന്നതും നിലത്ത് പടർന്നു വളരുന്നതുമായ ഒരു സസ്യമാണ് വെള്ളരി. വിറ്റാമിൻ എ, മഗ്നീഷ്യം, പൊട്ടാസ്യം,ഫോസ്ഫറസ്,മാംഗനീസ് എന്നിവയിൽ സമ്പുഷ്ടമായ വെള്ളരിക്കയിൽ വളരെ കുറഞ്ഞ അളവിലെ കൊഴുപ്പ് അടങ്ങിയിട്ടുള്ളു .
വെള്ളരിയുടെ നടീൽ അകലം 2 മീറ്റർ * 1.1/2 മീറ്റർ എന്നതാണ് . 60 സെന്റീമീറ്റർ വ്യാസത്തിലും 30-45 സെന്റീമീറ്റർ ആഴത്തിലും കുഴികൾ എടുക്കുക അതിൽ 1 ചിരട്ട കുമ്മായമിട്ട് മണ്ണുമായി നന്നായി ഇളക്കി ചേർക്കുക. നന്നായി അഴുകിയ ജൈവവളം മേല്മണ്ണുമായി ചേർത്ത് തടത്തിലിട്ട് മൂടുക .
ഒരു തടത്തിൽ 3 മുതൽ 5 വരെ വിത്തുകൾ സ്യൂഡോമോണസുമായി കലർത്തി നടാവുന്നതാണ്.വിത്ത് വിതയ്ക്കുന്ന സമയം തടത്തിൽ ഈർപ്പം നിലനിർത്താൻ ശ്രദ്ദിക്കണം. വിത്ത് മുളച്ച് രണ്ടാഴ്ചക്ക് ശേഷം ഒരു തടത്തിൽ കരുത്തുള്ള രണ്ടു ചെടികൾ മാത്രം നിലനിർത്തി ബാക്കിയുള്ളവ പിഴുതു മാറ്റുക .ജൈവവള പ്രയോഗമാണ് പ്രകൃതിക്കും മാനുഷ്യനും നല്ലത്. വള്ളി പടർന്നു തുടങ്ങുന്ന സമയവും പൂവിട്ടു തുടങ്ങുന്ന സമയവും തടം ഒന്നിന് നാല് ചിരട്ട എന്ന തോതിൽ തയ്യാറാക്കിവച്ച ജൈവവളക്കൂട്ട് തടത്തിൽ ചേർത്തുകൊടുക്കുക. മണ്ണിലെ ഈർപ്പം നഷ്ടപ്പെടാത്ത രീതിയിൽ നന ക്രമീകരിക്കാൻ ശ്രദ്ദിക്കണം. ചെടികൾ പൂത്തു തുടങ്ങിയാൽ നന മുടങ്ങരുത്. തടത്തിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാനും പ്രത്യേകം ശ്രദ്ദിക്കണം. തടത്തിൽ വളരുന്ന കളകൾ പിഴുത് നശിപ്പിച്ച് കള നിയന്ത്രണം ഉറപ്പുവരുത്തണം. മണ്ണിൽ തെങ്ങോല വിരിച്ച് അതിലൂടെ വള്ളികൾ പടർത്തുന്ന രീതി സ്വീകരിക്കാവുന്നതാണ്. വിളവെടുപ്പിന് പാകമായ വെള്ളരിക്കകൾ കൃത്യമായി പറിച്ചെടുക്കേണ്ടതാണ്. കൂടാതെ മഞ്ഞക്കെണി ,കായീച്ചക്കെണി എന്നിങ്ങനെയുള്ള കീടനിയന്ത്രണ മാർഗങ്ങളും അവലംബിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക