രാജ്യം ലോക്ക്ഡൗണിലേക്ക് പ്രവേശിച്ചതിന് ശേഷം വലിയൊരു ശതമാനം ജനങ്ങളും തങ്ങളുടെ സമയം ചെലവഴിക്കുന്നത് ഓൺലൈൻ സ്ട്രീമിങ് സിനിമകളും സീരീസും കണ്ടുകൊണ്ടാണ്.ആമസോൺ പ്രൈം,നെറ്റ്ഫ്ലിക്സ്,ഡിസ്നി+ഹോട്ട്സ്റ്റാർ സേവനങ്ങളാണ് ഓൺലൈൻ സ്ട്രീമിങ്ങിനായി ഉപയോഗിക്കുന്നത്. ഈ കഴിഞ്ഞ കാലയളവിൽ ആളുകൾ ഏറ്റവും കൂടുതൽ ചർച്ചചെയ്ത രണ്ട് ഓൺലൈൻ റിലീസുകളാണ് ‘മണീഹെയ്സ്റ്റും’ ‘എക്സ്ട്രാക്ഷനും’. എന്നാൽ ഇതല്ലാതെ നിരവധി സീരീസുകളും സിനിമകളും ഓൺലൈനിൽ റിലീസാകുന്നുണ്ട്.
അത്തരത്തിൽ ഈ ആഴ്ച റീലീസായിരിക്കുന്ന പത്തു പുതിയ സിനിമകളും പരിപാടികളും ഏതൊക്കെയാണെന്ന് അറിയാം.
ധപ്പട് – ആമസോൺ പ്രൈം വീഡിയോ
അനുഭവ് സിൻഹ സംവിധാനം ചെയ്ത് തപ്സി പന്നു നായികയായി എത്തിയ ബോളിവുഡ് ചിത്രമാണ് ‘ധപ്പട്’.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുന്പില് ഭര്ത്താവില് നിന്ന് അടി വാങ്ങുന്ന ഭാര്യയും ആ അടിയോടെ ഇരുവരുടെയും ജീവിതം മാറ്റപ്പെടുന്നതുമാണ് ‘ധപ്പടി’ന്റെ പ്രമേയം.
ഏകദേശം ലോക്ക്ഡൗണിന് മുമ്പാണ് ഈ ചിത്രം തീയേറ്ററിൽ എത്തിയത്. മെയ് ഒന്നിനാണ് ചിത്രം ആമസോണിൽ എത്തിയത്.
അബ് ആനി സിഡി – ആമസോൺ പ്രൈം വീഡിയോ
കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി ഇല്ലായിരുന്നുവെങ്കിൽ തീയേറ്ററിൽ റിലീസ് ആവേണ്ട ചിത്രമായിരുന്നു അബ് ആനി സിഡി.ഒരു മറാത്തി ചിത്രമാണിത്. വിക്രം ഗോഖലെ,സുബോദ് ഭാവെ തുടങ്ങിവയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപിക്കുന്നത്. അമിതാഭ് ബച്ചനും ഒരു ക്യാമിയോ റോളിൽ ചിത്രത്തിൽ എത്തുന്നുണ്ട്. കോമഡി ഴോണറിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. മെയ് ഒന്നിനാണ് ചിത്രം ആമസോണിൽ എത്തിയത്.
ലൗ ഈസ് ലൗ – നെറ്റ്ഫ്ലിക്സ്
65 വർഷം തങ്ങളുടെ പ്രണയം ഒളുപ്പിച്ചുവെച്ച ടെറി,പെറ്റ് എന്ന രണ്ടു സ്ത്രീകളെ കുറിച്ചുള്ള ഡോക്യൂമെന്ററിയാണ് ‘ലൗ ഈസ് ലൗ’. LGBTQ+ വിഭാഗത്തെ കുറിച്ചുള്ള ഈ ഡോക്യൂമെന്ററി സമൂഹത്തിലെ ലിംഗബോധത്തെ കുറിച്ചുള്ള യാഥാസ്ഥിക കാഴ്ചപ്പാടിന്റെ പൊളിച്ചെഴുത്ത് കൂടിയാണ്.ഏപ്രിൽ 29നാണ് നെറ്റ്ഫ്ലിക്സിൽ ഈ ഡോക്യൂമെന്ററി റിലീസായത്.
ഡെയ്ഞ്ചറസ് ലൈസ് – നെറ്റ്ഫ്ലിക്സ്
ഡേവിഡ് ഗോൾഡന്റെ തിരക്കഥ ഒരുക്കി മൈക്കൽ സ്കോട്ട് സംവിധാനം ചെയ്ത ക്രൈം ത്രില്ലർ ചിത്രമാണ് ഡെയ്ഞ്ചറസ് ലൈസ്. കാമില മെൻഡസാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നുണയും,വഞ്ചനയും,കൊലപാതകവുമാണ് ചിത്രത്തിന്റെ കഥാതന്തു.ക്രൈം ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിത്. ഏപ്രിൽ 30നാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസായത്.
പെന്നി ഡ്രെഡ്ഫുൾ സിറ്റി ഓഫ് ഏഞ്ചൽസ് – ഡിസ്നി+ഹോട്ട്സ്റ്റാർ
ഒരു അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് പെന്നി ഡ്രെഡ്ഫുൾ സിറ്റി ഓഫ് ഏഞ്ചൽസ്. നതാലി ഡോർമർ, ഡാനിയൽ സോവാട്ടോ,കെറി ബിഷോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രില്ലർ ഴോണറിൽ ഒരുക്കിയിരിക്കുന്ന സീരീസാണിത്.1938ൽ ലോസ്ഏഞ്ചൽസിൽ നടക്കുന്നൊരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന വിഷയങ്ങളുമാണ് സീരിസിലൂടെ പറയുന്നത്.സീരിസിന്റെ ആദ്യ എപ്പിസോഡ് ഏപ്രിൽ 26നാണ് ഡിസ്നി+ഹോട്ട്സ്റ്റാറിൽ റിലീസായിരിക്കുന്നത്.
https://youtu.be/_WqFMwMiF3I
ഹോംലാൻഡ് (സീസൺ 8) – ഡിസ്നി+ഹോട്ട്സ്റ്റാർ
ഹോംലാൻഡ് സീരിസിന്റെ അവസാന സീസണായ എട്ടാം ഭാഗമാണ് ഇപ്പോൾ ഡിസ്നി+ഹോട്ട്സ്റ്റാറിൽ റീലീസായിരിക്കുന്നത്. സീസണിലെ അവസാന എപ്പിസോഡ് ഏപ്രിൽ 26നാണ് സ്ട്രീം ചെയ്തിരിക്കുന്നത്.ഒരു അമേരിക്കൻ സ്പൈ ത്രില്ലറാണ് ഈ സീരീസ്. ക്ലെയർ ഡെയ്ൻസ്,മൗറി സ്റ്റെർലിംഗ്, കോസ്റ്റ റോനിൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2011ലാണ് സീരിസിന്റെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്തത്.
https://youtu.be/mXFZ4fEPRJ8
ലൗ ആജ് കൽ 2 – നെറ്റ്ഫ്ലിക്സ്
സാറാ അലിഖാനും കാർത്തിക് ആര്യനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രമാണ് ലൗ ആജ് കൽ 2. സാറയുടെ അച്ഛൻ സെയ്ഫ് അലി ഖാൻ നായകനായ് അഭിനയിച്ച ലൗ ആജ് കലിന്റെ രണ്ടാം പതിപ്പായാണ് ചിത്രം എത്തിയിരിക്കുന്നത്. തീയറ്റർ റിലീസിന് ശേഷം സമ്മിശ്രമായ അഭിപ്രായങ്ങളായിരുന്നു ചിത്രത്തെ കുറിച്ച് വന്നിരുന്നത്. ഇംതിയാസ് അലിയാണ് ചിത്രത്തിന്റെ സംവിധായകൻ.ഏപ്രിൽ 28നാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ എത്തിയത്.
ഹോളിവുഡ് – നെറ്റ്ഫ്ലിക്സ്
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരു കൂട്ടം അഭിനേതാക്കളും ചലച്ചിത്ര പ്രവർത്തകരും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ശ്രമിക്കുന്നതാണ് ‘ഹോളിവുഡിന്റെ’ ഇതിവൃത്തം. ഹോളിവുഡിന്റെ സുവർണ്ണ കാലഘട്ടത്തിനുമുൻപ് തുടങ്ങി ഇന്നും നിലനിൽക്കുന്ന വർണവിവേചനവും ലിംഗവേർതിരിവുകളും സീരീസിലൂടെ കാണിക്കുന്നു. ഡേവിഡ് കോറൻസ്വെറ്റ്,ഡാരൻ ക്രിസ്,ലോറ ഹാരിയർ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 7 എപ്പിസോഡുകളാണ് ഈ മിനിസീരിസിനുള്ളത്. മെയ് ഒന്നിനാണ് സീരീസ് നെറ്റ്ഫ്ലിക്സിൽ റിലീസായത്.
നെവർ ഹാവ് ഐ എവർ – നെറ്റ്ഫ്ലിക്സ്
മൈത്രേയി രാമകൃഷ്ണൻ, ഡാരൻ ബാർനെറ്റ്, റമോണ യങ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീരിസാണ് ‘നെവർ ഹാവ് ഐ എവർ’. ട്രാമെഡി (ഡ്രാമയും-കോമഡിയും) ഴോണറിലാണ് സീരീസ് ഒരുക്കിയിട്ടുള്ളത്. ഒരു ടീനേജ് പെൺകുട്ടിയുടെ മാനസികാവസ്ഥയും അവൾ കടന്നുപോകുന്ന പല കാര്യങ്ങളേയും കോർത്തിണക്കി കൊണ്ടാണ് സീരീസ് ഒരുക്കിയിരിക്കുന്നത്.സീരിസിന്റെ പത്ത് എപ്പിസോഡുകളും ഏപ്രിൽ 27നാണ് നെറ്റ്ഫ്ലിക്സിൽ റിലീസായിരിക്കു ന്നത്.
അപ്ലോഡ് – ആമസോൺ പ്രൈം വീഡിയോ
സയൻസ് ഫിക്ഷൻ ഴോണറിലാണ് അപ്ലോഡ് എന്ന സീരീസ് ഒരുക്കിയിരിക്കുന്നത്. ഭാവിയിൽ മനുഷ്യർ അവർക്ക് ഇഷ്ടമുള്ള മരണാനന്തര ജീവിതത്തിലേക്ക് സ്വയം അപ്ലോഡ് ചെയ്യുന്നതാണ് ഈ സീരിസിന്റെ കഥാതന്തു. റോബി അമേൽ,ആൻഡി അലോ,അല്ലെഗ്ര എഡ്വേർഡ്സ് തുടങ്ങിയവരാണ് സീരിസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീരിസിന്റെ ആദ്യ സീസണിൽ പത്ത് എപ്പിസോഡുകളാണ് ഉള്ളത്. മെയ് ഒന്നിനാണ് സീരീസ് ആമസോൺ പ്രൈമിൽ റിലീസായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക