നടി അനശ്വര രാജന്റെ പുതിയ ചിത്രത്തിനു നേരെ സൈബർ ആക്രമണം. നാടൻ ലുക്കിൽ പ്രത്യക്ഷപ്പെടാറുള്ള നടിയുടെ പുതിയ മോഡേണ്‍ ലുക്ക് ആണ് ചിലരെ ചൊടിപ്പിച്ചത്. ‘18 ആയല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേൺ ഷോ തുടങ്ങിയോ’ എന്നാണ് ഒരു കമന്റ്. അടുത്തത് എന്ത് വസ്ത്രമാണ് എന്നാണ് മറ്റൊരു വിമർശനം.
അശ്ലീല കമന്റുകളും സദാചാര ആക്രണവും തുടരുമ്പോഴും അനശ്വരയ്ക്ക പിന്തുണയുമായും നിരവധി പേരെത്തിയിട്ടുണ്ട്. ഇഷ്ടമുള്ളത് ധരിക്കുകയും ഇഷ്ടമുള്ളത് പോലെ ജീവിക്കാനും അനശ്വരയ്ക്ക് അവകാശമുണ്ടെന്നവര് പറയുന്നു. ട്രോളുകള്‍ക്ക് മറുപടിയും നല്‍കുന്നുണ്ട് ഇക്കൂട്ടര്‍.
നേരത്തെ നടി സാനിയ ഇയ്യപ്പൻ, എസ്തര് അനിൽ തുടങ്ങിയവരുടെ വസ്ത്രധാരണത്തിനു നേരെയും സമാനമായ ആക്രമണം ഉണ്ടായിരുന്നു.
ബാലതാരമായെത്തി മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് അനശ്വര രാജന്. 2019 ലെ വലിയ വിജയമായി ചിത്രങ്ങളിലൊന്നായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ചിത്രത്തിലെ കീര്‍ത്തി എന്ന നായിക വേഷത്തിലൂടെ അനശ്വര പ്രേക്ഷകരുടെ കെെയ്യടി നേടി. കഴിഞ്ഞ ദിവസമായിരുന്നു അനശ്വര 18-ാം പിറന്നാള്‍ ആഘോഷിച്ചത്.
ഉദാഹരണം സുജാതയിലൂടെയാണ് അനശ്വര മലയാളത്തില്‍ അരങ്ങേറുന്നത്. വാങ്ക് ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഇതിനിടെ തമിഴിലേക്കും അരങ്ങേറാന്‍ ഒരുങ്ങുകയാണ് അനശ്വര. തൃഷയുടെ രാംഗിയാണ് അരങ്ങേറ്റ ചിത്രം. ആദ്യരാത്രിയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക