കാൻസറിനെ തോൽപ്പിച്ച് ആരോഗ്യം വീണ്ടെടുത്ത് സിനിമ- സീരിയൽ നടി ശരണ്യ. ഗുരുതരാവസ്ഥയിലായിരുന്ന താരത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടു വരികയാണ് എന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. മാസങ്ങളായി കിടപ്പിൽ ആയിരുന്ന താരം ഇപ്പോൾ നടക്കാൻ തുടങ്ങി. എല്ലാവരുടെയും സഹായങ്ങൾക്കും പ്രാർത്ഥനകൾക്കും ശരണ്യയുടെ അമ്മ ഗീത നന്ദി പറഞ്ഞു.
”ഫിസിയോതെറാപ്പിക്ക് വേണ്ടി ആദ്യം കൊണ്ടു വരുമ്പോൾ ട്രോളിയിൽ ഒരനക്കവും ഇല്ലാത്ത അവസ്ഥയിലായിരുന്നു. ഇപ്പോൾ നടക്കാനും സംസാരിക്കാനും സാധിക്കുന്നു. ഹോസ്പിറ്റലിൽ നിന്ന് ലഭിച്ച ചികിത്സക്കും ആശ്വാസത്തിനും ദൈവത്തോട് നന്ദി” എന്ന് അമ്മ ഗീത പറഞ്ഞു. ആറു വർഷം മുമ്പാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ ബാധിച്ചത്.
ചികിത്സയുടെ ഭാഗമായി ഏഴ് ശസ്ത്രക്രിയകളാണ് കഴിഞ്ഞ ഏതാനും വർഷത്തിനിടെ ശരണ്യയ്ക്ക് നടന്നത്. ശസ്ത്രക്രിയകളെ തുടർന്ന് ഒരു ഭാഗം തളർന്ന നിലയിലായിരുന്നു ശരണ്യ. കണ്ണൂർ പഴയങ്ങാടി സ്വദേശിയായ ശരണ്യ ശ്രീകാര്യത്തിന് സമീപം വാടക വീട്ടിലാണ് താമസിക്കുന്നത്. നടി സീമ ജി. നായർ ആണ് ശരണ്യയ്ക്കൊപ്പം വേദനക്കാലത്ത് ഉണ്ടായിരുന്നത്.
സിനിമ, സീരിയൽ, സാമൂഹിക രംഗത്തുള്ള പലരും സഹായിച്ചിട്ടുണ്ടെന്നും ശരണ്യയുടെ അമ്മ പറയുന്നു. ചാക്കോ രണ്ടാമൻ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ ശരണ്യ ടെലിവിഷൻ സീരിയലുകളിലൂടെ ശ്രദ്ധ നേടി. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാർച്ച് 12, ആൻമരിയ കലിപ്പിലാണ് എന്ന സിനിമകളിൽ വേഷമിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക