കണ്ണൂർ : പരിയാരം ഗവ. ആയുര്‍വ്വേദ കോളേജില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ഒക്ടോബര്‍ 31 ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും.
സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ച സൂപ്രണ്ട് -ആര് എം ഒ – ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്സ് ക്വാര്‍ട്ടേഴ്സുകളുടെയും നാഷണല്‍ ആയുഷ്മിഷന്റെ ധനസഹായത്തോടെ നിര്‍മ്മിച്ച കമ്മ്യൂണിറ്റി കിച്ചണിന്റെയും ഉദ്ഘാടനമാണ് മന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കുക. ടി വി രാജേഷ് എം എല്‍ എ അധ്യക്ഷനാകും.
സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തില്‍ 73.5 ലക്ഷം രൂപ ചെലവഴിച്ചാണ് സൂപ്രണ്ട് ക്വാര്‍ട്ടേഴ്സും ആര് എം ഒ ക്വാര്‍ട്ടേഴ്സും നിര്‍മ്മിച്ചത്. ഫ്ളാറ്റ് മാതൃകയില്‍ ആറ് കുടുംബങ്ങള്‍ക്ക് താമസിക്കാവുന്നതാണ് ലാസ്റ്റ് ഗ്രേഡ് ക്വാര്‍ട്ടേഴ്സ്. 98 ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മിച്ച ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്സ് ക്വാര്‍ട്ടേഴ്സ് ഉദ്ഘാടനം ചെയ്യുന്നതോടെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ഏറെ നാളത്തെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകും. നാഷണല്‍ ആയുഷ്മിഷന്റെ സഹായത്തോടെയാണ് 25 ലക്ഷം രൂപ ചെലവഴിച്ച് കമ്മ്യൂണിറ്റി കിച്ചണ്‍ നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക