രോഗപ്രതിരോധശക്തി, എല്ലുകൾക്ക് ആരോഗ്യം എന്നിവയ്ക്ക് വൈറ്റമിൻ ഡി വളരെ പ്രധാനപ്പെട്ടതാണ്. വൈറ്റമിൻ ഡിയുടെ പ്രധാന ഉറവിടം സൂര്യപ്രകാശം ആണ്. ശരീരഭാരം കുറയ്ക്കാനും വൈറ്റമിൻ ഡി മികച്ചതാണ്. കൊഴുപ്പിനെ അലിയിക്കുന്ന വൈറ്റമിൻ ആയ ഡി, സൂര്യപ്രകാശത്തിൽ നിന്നും ചില ഭക്ഷണങ്ങളിൽ നിന്നും സപ്ലിമെന്റുകളിൽ നിന്നും ലഭിക്കും. അൾട്രാവയലറ്റ് വികിരണങ്ങളുമായി ചർമം സമ്പർക്കത്തിൽ വരുമ്പോൾ അത് ശരീരത്തിലെ കൊളസ്ട്രോളിനെ വൈറ്റമിൻ ഡി ആയി മാറ്റുന്നു.
നമ്മുടെ ചർമത്തിലൂടെ നീല പ്രകാശത്തിന്റെ തരംഗദൈർഘ്യം തുളച്ചു കയറി ചർമത്തിനടിയിലെ കൊഴുപ്പിലെത്തുമ്പോൾ ലിപ്പിഡ് കണികകൾ ചുരുങ്ങുകയും കോശങ്ങളിൽ നിന്ന് പുറത്തുപോവുകയും ചെയ്യും. ഇത്തരത്തിൽ ശരീരത്തിലെ അധികമുള്ള കൊഴുപ്പിനെ പുറന്തള്ളാൻ സൂര്യപ്രകാശം സഹായിക്കുന്നു. ഈ വൈറ്റമിന്റെ അഭാവം പൊണ്ണത്തടിയുമായും ബന്ധപ്പെട്ടിരിക്കുന്നു. ദുർബലമായ അൾട്രാവയലറ്റ് വികിരണങ്ങൾ മൂലം തണുപ്പുകാലത്ത് ആളുകൾക്ക് ശരീരഭാരം കൂടുന്നു എന്നത് വസ്തുതയാണ്.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ഭാരം കുറയ്ക്കൽ വേഗത്തിലാക്കാൻ ദിവസവും കുറച്ചു സമയം സൂര്യപ്രകാശമേൽക്കണം കൂടാതെ വൈറ്റമിൻ ഡി ധാരാളമടങ്ങിയ കൂൺ, പാലുല്പന്നങ്ങൾ തുടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം. ദിവസവും പത്തോ പതിനഞ്ചോ മിനിറ്റ് വെയിൽ കൊള്ളാം. രാവിലെ 10-11 സമയത്തിനിടയ്ക്കോ ഉച്ചയ്ക്ക് 1-3 വരെയുള്ള സമയത്തോ സൂര്യപ്രകാശമേൽക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക