ഉണ്ണിക്കിത് സ്വപ്ന നിമിഷമാണ്. കൊച്ചി ടോണി ആൻഡ് ഗൈയിലെ ഹെയർ സ്റ്റൈലിസ്റ്റ് ഉണ്ണി പലരുടേയും മുടിയിലും താടിയിലും പല പരീക്ഷണങ്ങൾ ചെയ്തുകൊടുത്തിട്ടുണ്ടെങ്കിലും ഇന്ന് ആ കൈകൾ കുറച്ചു വിറച്ചു കാണും. തൊട്ടുമുമ്പിൽ ഇഷ്ടതാരം ലാലേട്ടൻ വന്നുനിന്നാൽ ഉണ്ണിയെങ്ങനെ ഞെട്ടാതിരിക്കും?
തോളൊന്നൽപ്പം ചരിച്ച് ലാലേട്ടൻ ഉണ്ണിയോട് പറഞ്ഞത് താടിയൊന്ന് സ്റ്റൈലാക്കി തരാനാണ്. സിനിമയില് മാത്രം കണ്ടിട്ടുളള ലാലേട്ടനെ നേരിട്ട് കണ്ടതിലുളള ത്രിൽ ഒരു ഭാഗത്ത്. മറു ഭാഗത്ത് നന്നായി ചെയ്യാൻ പറ്റണമേയെന്ന പ്രാർഥനയും. പേടിയൊക്കെ ലാൽ സാർ തന്നെ മാറ്റി എന്നാണ് ചെറുചിരിയോടെ ഉണ്ണി പറയുന്നത്. ‘ചെറിയൊരു ഡ്രസ്സിങ് മാത്രമാണ് ഉണ്ടായിരുന്നത്. വെട്ടിയതും ഒതുക്കിയതുമൊക്കെ ഏറെ കരുതലോടെയായിരുന്നു. വളരെ സന്തോഷത്തോടെയാണ് അദ്ദേഹം തിരിച്ചുപോയത്’ ഉണ്ണി പറയുന്നു.
ആസിഫ് അലി, ആഷിക്ക് അബു, ശ്രീനാഥ് ഭാസി, ബാലു, വിനായകൻ തുടങ്ങി നിരവധി താരങ്ങൾ ഇവിടെ വന്നു ഹെയർ സ്റ്റൈൽ ചെയ്യാറുണ്ട്. മോഹൻലാലിന്റെ അടുത്ത സുഹൃത്തായ സമീർ ഹംസയാണ് ടോണി ഗൈ എന്ന ബ്രാൻഡിന്റെ ഫ്രാഞ്ചൈസി ഏറ്റെടുത്ത് സ്ഥാപനം നടത്തുന്നത്.
പുതിയ ചിത്രം ആറാട്ടിന്റെ ഉൗട്ടി ഷെഡ്യൂൾ പൂർത്തിയായി കഴിഞ്ഞ ദിവസമാണ് മോഹൻലാൽ കൊച്ചിയിലെത്തുന്നത്. ഉൗട്ടിയിൽ വച്ചു നടന്ന ഒരു പാട്ടിന്റെ ചിത്രീകരണത്തിനു ശേഷം ക്ലൈമാക്സ് ചിത്രീകരണത്തിനായാണ് താരം കൊച്ചിയിലെത്തിയത്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ൽ മോഹൻലാൽ എത്തുന്നത്. കോമഡിക്കു പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയിൽ മികച്ച ആക്ഷൻ രംഗങ്ങളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക