Home KERALA  എന്റെ വാട്സാപ്പ് സ്റ്റാറ്റസുകൾ പോലും അവനുവേണ്ടിയുള്ള പൂക്കളായിരുന്നു. ആ സമയങ്ങളിൽ ഞാൻ അത് അത്രത്തോളം ആസ്വദിച്ചിരുന്നു....

 എന്റെ വാട്സാപ്പ് സ്റ്റാറ്റസുകൾ പോലും അവനുവേണ്ടിയുള്ള പൂക്കളായിരുന്നു. ആ സമയങ്ങളിൽ ഞാൻ അത് അത്രത്തോളം ആസ്വദിച്ചിരുന്നു. എന്നിലെ പ്രണയം ചെമ്പകപൂക്കൾ പോലെ വിടരുകയായിരുന്നു; പ്രിജിത്ത് മനസു തുറക്കുന്നു

കേരളത്തിലെ സ്വവർഗ ദമ്പതികളായ പ്രിജിത്തിനെയും ഉണ്ണിക്കണ്ണനെയും സംബന്ധിച്ച് പ്രണയത്തിനും ചെമ്പകപ്പൂക്കൾക്കും ഒരേ നിറമാണ്.

അത്രത്തോളം പവിത്രത യുണ്ട് ഇരു ഹൃദയങ്ങൾ തമ്മിലുള്ള വിസ്മയാവഹമായ അടുപ്പത്തിന്. ഓരോ ചെമ്പക മൊട്ടുകൾ പൂവിടുമ്പോളും പടർന്നു പന്തലിക്കുന്നത് ഇരുവരുടെയും പ്രണയമാണ്. ചെമ്പകപ്പൂക്കളാണ് ഇരുവരുടെയും പ്രണയം.

Queerythm എന്ന ഓർഗനൈസേഷന്റെ സ്ഥാപകനും പ്രസിഡന്റുമായ പ്രിജിത്തിന് അധ്യാപനം തന്നെയാണ് ഇഷ്ട മേഖല. എം.ബി.എ. വിദ്യാർത്ഥിയാണ് ഉണ്ണിക്കണ്ണൻ.

പ്രിജിത്ത് മനസു തുറക്കുന്നു…

ചെമ്പകത്തിൽ മൊട്ടിട്ട പ്രണയം

ഒരു പ്രണയ പാരാജയത്തിൽ മാനസികമായി തകർന്നിരിക്കുന്ന അവസരത്തിലാണ് സോഷ്യൽമീഡിയ വഴി കണ്ണനെ പരിചയപ്പെടുന്നത്. കുറച്ചുനാൾ ഞങ്ങൾ ഡേറ്റിംഗിൽ ആയിരുന്നു. പതുക്കെ പതുക്കെ അങ്ങോട്ടും ഇങ്ങോട്ടും ഐ ലവ് യൂ പറയാതെതന്നെ ഞങ്ങൾ പരസ്പരം പ്രണയിക്കുന്നു എന്ന തിരിച്ചറിവുണ്ടായി.

കണ്ണന് ചെമ്പകപ്പൂക്കൾ വളരെ ഇഷ്ടമാണ്. പൂവ് കാണാനും, തേടിപ്പോകാനും പൂവ് വച്ചുള്ള ഫോട്ടോ എടുക്കാനും ഭയങ്കര ഇഷ്ടമാണ്. ഞങ്ങളുടെ സംസാരത്തിനിടയിൽ പൂക്കളും പ്രധാന വിഷയമായി കടന്നുവരാറുണ്ടായിരുന്നു. അതിനു ശേഷം എനിക്കും പൂക്കളോടുള്ള ഇഷ്ടം കൂടി.

പൂവിടുന്ന ഓരോ ചെമ്പകമൊട്ടുകളും എന്റേതു കൂടിയായി. യാത്രചെയ്യുമ്പോഴൊക്കെ എന്റെ ശ്രദ്ധ പ്രത്യേകിച്ചും വെള്ള പൂക്കളിലായിരുന്നു. ദിവസവും വാട്സാപ്പ് വഴിയുള്ള ഞങ്ങളുടെ സംസാരത്തിൽ പൂക്കൾ സമ്മാനിക്കുക പതിവായി.

എന്റെ വാട്സാപ്പ് സ്റ്റാറ്റസുകൾ പോലും അവനുവേണ്ടിയുള്ള പൂക്കളായിരുന്നു. ആ സമയങ്ങളിൽ ഞാൻ അത് അത്രത്തോളം ആസ്വദിച്ചിരുന്നു. എന്നിലെ പ്രണയം ചെമ്പകപൂക്കൾ പോലെ വിടരുകയായിരുന്നു.

കൂട്ടുകാരുമൊത്തുള്ള തൃശൂർ യാത്രക്കിടയിലാണ് ആലപ്പുഴയിൽ വച്ച് കണ്ണനെ ആദ്യമായി നേരിൽ കാണുന്നത്. എന്റെയുള്ളിലെ കാമുകന്റെ തുടിപ്പ് പറഞ്ഞറിയിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു.

അന്ന് നേരിൽ കാണുമ്പോൾ കൊടുക്കാൻ കരുതിവച്ച ചോക്ലേറ്റുകൾക്കും മറ്റു സമ്മാനങ്ങൾക്കുമൊപ്പം അവനു ഏറ്റവും പ്രിയപ്പെട്ട ചെമ്പകപ്പൂവും ഞാൻ കരുതിവച്ചു. ഇപ്പോഴും പുറത്തുപോയി വരുമ്പോൾ കാണുകയാണെങ്കിൽ ചെമ്പകപ്പൂവ് സമ്മാനിക്കാറുണ്ട്. ജൂണിൽ ഞങ്ങളുടെ പ്രണയം പൂത്തു തുടങ്ങിയിട്ട് ഒരു വർഷമാകും.

ഞങ്ങളുടെ പ്രണയത്തിലൂടെ വിപ്ലവം സൃഷ്ടിക്കണമെന്ന് വിചാരിക്കുന്നില്ല. എല്ലാ സ്വവർഗപ്രേമികളെയും പോലെ സ്വത്വം തിരിച്ചറിഞ്ഞ് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. നമ്മുടെ സമൂഹം അതിനെ രണ്ടു രീതിയിലാണ് കാണുന്നത്. ചിലർ അംഗീകരിക്കുന്നു ചിലർ അംഗീകരിക്കുന്നില്ല.

അവർക്കൊപ്പം സർക്കാരും ഉണ്ട് എന്നതാണ് സങ്കടപെടുത്തുന്ന കാര്യം. ഡൽഹി ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത് സ്വവർഗ അനുരാഗം അംഗീകരിക്കാം എന്നാൽ സ്വവർഗ അനുരാഗിയുടെ വിവാഹം അംഗീകരിക്കാൻ കഴിയില്ല എന്നാണ്. അത് വിഷമം ഉണ്ടാക്കുന്നു.

സമൂഹവും സർക്കാരും അംഗീകരിച്ചില്ലെങ്കിലും നമ്മുടെ ആഗ്രഹങ്ങളെ നമുക്ക് ഒരിക്കലും തടഞ്ഞു നിർത്താൻ കഴിയുന്ന ഒന്നല്ല.

തുടക്കത്തിൽ ഉണ്ടായിരുന്നതുപോലെ ആകുലതകൾ ഇപ്പോഴും തുടരുന്നു. നാം ജീവിക്കുന്നത് ട്രാൻസ്‌ഫോബിക് ആയ ക്യൂർ ഫോബിക് ആയ, ഒരു സമൂഹത്തിലാണ്. എന്റെ കുടുംബം അംഗീകരിച്ചാലും ബന്ധുക്കളും സമൂഹവും അംഗീകരിക്കണമെന്നില്ല.

Also Read :  കൊവിഡ് രണ്ടാം തരംഗം; രോഗനിയന്ത്രിണത്തിനുള്ള കൂടുതല്‍ പദ്ധതികള്‍ വിശദീകരിച്ച് ചീഫ് സെക്രട്ടറി വിപി ജോയ് ; പൊതുപരിപാടികള്‍ക്ക് 100 പേര്‍ മാത്രം

വിദേശരാജ്യങ്ങളിലോ ഇന്ത്യയിലോ അറിയപ്പെടുന്ന സ്വവർഗാനുരാഗികൾ ഉണ്ടായാലും തങ്ങളുടെ കുടുംബത്തിനുള്ളിൽ അത് ഉണ്ടാകില്ല എന്ന ചിന്തയാണ് ഭൂരിപക്ഷം മലയാളികൾക്കും. ഒരുപക്ഷെ അങ്ങനെയുണ്ടായാൽ പിന്നെ സംഭവിക്കുന്നത് അയാളെ നേരെയാക്കാനുള്ള ശ്രമങ്ങളാണ്.

നേരെയാക്കൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അവരുടേതായ വ്യവസ്ഥാനുസൃതമായ സമൂഹത്തിലേക്ക് കൊണ്ടുവരുക എന്നുള്ളതാണ്. അത്തരത്തിലുള്ള അസാധാരണ വെറുപ്പ് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന അത്രയും കാലം ലിംഗപരമായ സവിശേഷ താല്പര്യമുള്ള ഓരോ വ്യക്തിയുടെയും ജീവിതം ബുദ്ധിമുട്ട് നിറഞ്ഞത് തന്നെയാകും.

ഓരോ വ്യക്തിയുടെയും പ്രണയം ഓരോ തിരിച്ചറിവാണ്. നമ്മുടെ സമൂഹം ചിന്തിക്കുന്നത് ഒരു സ്ത്രീക്ക് തുണയാകാൻ പുരുഷനും, പുരുഷന് തുണയാകാൻ സ്ത്രീക്കും മാത്രമേ കഴിയുള്ളൂ എന്നാണ്. കേരളത്തിൽ മുപ്പത് വർഷത്തിൽ അധികമായി ഒരുമിച്ച് ജീവിക്കുന്ന സ്വവർഗ ദമ്പതികൾ ഉണ്ട്.

അത്തരത്തിൽ ജീവിതം വിജയിച്ച് കാണിച്ച ആൾക്കാരുള്ള സമൂഹമാണ് നമ്മുടേത്. പക്ഷെ നമ്മുടെ സാമൂഹിക പശ്ചാത്തലം അനുസരിച്ച് അവർക്ക് തങ്ങളുടെ സ്വത്വം വെളിപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. അത് അവരുടെ ഗതികേടല്ല. മറിച്ച് ക്യൂർ ഫോബിയ പുറത്തുകാണിക്കുന്നതാണ്.