ഡിവൈഎഫ്ഐ നേതാവ് എ.എ റഹീമിന്റെ കഴിഞ്ഞ വർഷത്തെ ഫെയ്സ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസിന്റെ നോട്ടിസ് നൽകിയതിന് പിന്നാലെയാണ് സ്വന്തം പോസ്റ്റ് റഹീമിന് തന്നെ തിരിച്ചടിച്ചത്.
യുണിടാക് എംഡി സന്തോഷ് ഈപ്പന് വാങ്ങിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചെന്നാണ് കസ്റ്റംസ് കണ്ടെത്തൽ.
‘(ഐ) ഫോൺ, (ഐ) ഗ്രൂപ്പ്.. പണ്ടേ (ഐ) ഒരു വീക്നെസ് ആയതുകൊണ്ടാണ്. അല്ലാതെ ഫോൺ തരാൻ മാത്രം ബന്ധമൊന്നും ഞാനും ആ കുട്ടിയും തമ്മിൽ ഇല്ലെന്ന് പറയാൻ പറഞ്ഞു.’ അന്ന് ചെന്നിത്തലയെ പരിഹസിച്ച് റഹീം കുറിച്ചു. ഇന്ന് അതേ പോസ്റ്റ് തിരിച്ച് ചോദിക്കുകയാണ് കോൺഗ്രസ് നേതാക്കൾ. ‘ചെറുതായിട്ട് ഒന്ന് തിരുത്തി വായിക്കണം .(ഐ) ഫോൺ, സി പി (ഐ) എം ലെ (ഐ).’ ഷാഫി തിരിച്ചടിച്ചു. ഇതിന് പിന്നാലെ കോൺഗ്രസ് നേതാക്കളെല്ലാം പരിഹാസവുമായി രംഗത്തെത്തി.
ജ്യോതികുമാർ ചാമക്കാലയുടെ കുറിപ്പ്:
‘രമേശ് ചെന്നിത്തല കൊണ്ടുപോയെന്ന് കോടിയേരി ബാലകൃഷ്ണൻ പാടി നടന്ന സന്തോഷ് ഈപ്പന്റെ കൈക്കൂലി ഐ ഫോൺ കോടിയേരിയുടെ തലയിണക്കടിയിൽ നിന്ന് കസ്റ്റംസ് പൊക്കിയിരിക്കുന്നു. വിനോദിനി ബാലകൃഷ്ണന് കസ്റ്റംസ് നോട്ടീസ്. കോടിയേരിയെപ്പോലെ സ്വന്തം കുടുംബത്താൽ ഇങ്ങനെ വഞ്ചിക്കപ്പെട്ട മറ്റൊരു നേതാവുണ്ടാവില്ല..’
പ്രതികരിക്കാൻ ഇവിടെ എഴുതുക