തിരുവനന്തപുരം: സിനിമാ തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ വീണ്ടും തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്കി. തിയേറ്ററുകള്‍ക്ക് പകല്‍ 12 മുതല്‍ രാത്രി 12 വരെയാണ് പ്രദര്‍ശനാനുമതി. എന്നാല്‍ പകുതി സീറ്റില്‍ മാത്രം പ്രവേശനം എന്ന നിബന്ധന തുടരും.
തിയേറ്ററുകളുടെ നിലവിലെ പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ്. തിയേറ്ററുകള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും സിനിമാ വ്യവസായത്തിന്റെ ബുദ്ധിമുട്ടുകള്‍ മനസിലാക്കണമെന്നും കേരള ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷനും ഫിലിം ചേംബറും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ചീഫ് സെക്രട്ടറി വി.പി. ജോയ് സംഘടനാഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
സെക്കന്‍ഡ് ഷോ അനുവദിച്ചില്ലെങ്കില്‍ സാമ്പത്തികമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അതിനാല്‍ തിയേറ്റര്‍ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു ഉടമകളുടെ നിലപാട്. സെക്കന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ റിലീസുകളും കൂട്ടത്തോടെ മാറ്റിവച്ചിരിക്കുകയായിരുന്നു.
അതേസമയം സെക്കൻഡ് ഷോ നടത്താൻ അനുമതി ലഭിച്ചതോടെ മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റ് വ്യാഴാഴ്ച റിലീസ് ചെയ്യുമെന്നുറപ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക