മോഹൻലാൽ സംവിധായകനാകുന്ന ബറോസ് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. ഷൂട്ടിങ് ലൊക്കേഷനിൽ ക്യാമറയ്ക്ക് പിന്നിൽ ഇരുന്ന് സിനിമയൊരുക്കുന്ന ചിത്രങ്ങളും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ചു.
പ്രഖ്യാപനത്തിന് പിന്നാലെ വലിയ ചർച്ചയായ സിനിമയാണ് ബറോസ്. പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിൽ സംവിധായകനായി മോഹൻലാൽ എത്തുമ്പോൾ അതൊരു ചരിത്രമാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകരും.
കഴിഞ്ഞ വർഷം അവസാനം തുടങ്ങാനാണ് ആദ്യ പദ്ധതിയിട്ടതെങ്കിലും കോവിഡ് കാരണം നീണ്ടുപോകുകയായിരുന്നു. ഇതിനിടയിൽ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ നവോദയ സ്റ്റുഡിയോയിൽ പുരോഗമിക്കുന്നുണ്ടായിരുന്നു.
സിനിമയുടെ പ്രീ പ്രൊഡക്ഷൻ ടീമിനൊപ്പം പൃഥ്വിരാജും നവോദയിൽ എത്തിച്ചേർന്നിരുന്നു. ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, പ്രതാപ് പോത്തൻ എന്നിവർ വേഷമിടുന്നുണ്ട്. വിദേശ നടി പാസ് വേഗ ചിത്രത്തിന്റെ ഭാഗമാണ്. ബറോസ് പൂർത്തിയാകുന്നത് വരെ മോഹൻലാൽ മറ്റ് സിനിമകളില്‍ നിന്നും മാറി നിന്നേക്കുമെന്നാണ് സൂചന.
പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. മോഹൻലാൽ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക