ഡല്‍ഹി: പാര്‍വതി ദേവി, ഓം ദത്ത് ശര്‍മ, ദീപക്…അപരിചിതരായിരുന്ന മൂന്നുപേര്‍. എന്നാല്‍ അടുത്ത നിമിഷം, ജീവിതത്തിനുവേണ്ടിയുള്ള പൊരുതലില്‍ ഒരൊറ്റ ഓക്സിജന്‍ സിലിണ്ടറില്‍ അവര്‍ ബന്ധിപ്പിക്കപ്പെട്ടു. ഡല്‍ഹി ജിടിബി ആശുപത്രിക്കു പുറത്തെ വെള്ളിയാഴ്ചത്തെ കാഴചയായിരുന്നു ഇത്. ഇങ്ങനെ നിരവധി രോഗികളാണു ഡല്‍ഹിയില്‍ പ്രാണവായുവിനുവേണ്ടി കേഴുന്നത്.
ആശുപത്രിക്കു പുറത്ത് വെറും നിലത്ത് കിടന്നാണ് ഓം ദത്ത് ശര്‍മയ്ക്ക് മറ്റു രണ്ടുപേരുമായും ഓക്സിജന്‍ സിലിണ്ടര്‍ പങ്കുവയ്ക്കേണ്ടി വന്നത്. സ്ട്രെച്ചറുകളൊന്നും ലഭ്യമല്ലെങ്കിലും തറയില്‍ ലഭിച്ച സൗകര്യം നഷ്ടപ്പെടുമെന്നതിനാല്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കു മുന്നില്‍ മറ്റൊരു ആലോചനയുണ്ടായിരുന്നില്ല.
ഓം ദത്തിന്റെ നാല്പ്പകാരനായ മകന് ചമന്‍ ലാല്‍ ശര്‍മ അതേ ആശുപത്രിക്കു പുറത്താണു വ്യാഴാഴ്ച രാത്രി മരിച്ചത്. എമര്‍ജന്‍സി ബ്ലോക്കിനു സമീപം കിടക്കയ്ക്കായി കാത്തിരിക്കുകയായിരുന്ന അദ്ദേഹത്തിന് സ്ട്രെച്ചര്‍ ലഭിച്ചിരുന്നു.
വ്യാഴാഴ്ച രാവിലെ ശ്വാതടസം അനുഭവപ്പെട്ട ചമന്‍ ലാലിനു പനിയുണ്ടായിരുന്നു, ഗാസിയാബാദ് ഗഗന് വിഹാറിലെ കുടുംബവീട്ടില്‍നിന്ന് ചമന്‍ ലാലിനെ മകന് മോഹന്‍ ഗത്യന്തരമില്ലാതെയാണു ജിടിബിയിലേക്ക് കൊണ്ടുവന്നത്. പിതാവിനെ മരണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ മോഹന്റെ കണ്ണുനിറഞ്ഞു.
”ഇവിടെ (ജിടിബിയില്‍) കിടക്കകളില്ല. ഗാര്‍ഡുമാര്‍ ഞങ്ങളോട് പോകാന്‍ പറഞ്ഞു. ഞങ്ങള്‍ ഡോ. ഹെഡ്ഗേവാര്‍ ആശുപത്രിയില്‍ പോയി. അവിടെ പ്രവേശിപ്പിക്കാന്‍ അവര്‍ വിസമ്മതിച്ചു.
അച്ഛന്റെ നില മോശമായിക്കൊണ്ടിരിക്കുകയായിരുന്നു. വായില്‍നിന്ന് രക്തം വരുന്നുണ്ടായിരുന്നു. രാത്രി പതിനൊന്നോടെ ഞങ്ങള്‍ വീണ്ടും ജിടിബിയിലേക്ക് വന്നു. സ്ട്രെച്ചര്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഞങ്ങള്‍ അദ്ദേഹത്തിന് ഓക്സിജന്‍ സിലിണ്ടര്‍ ക്രമീകരിച്ചു. പക്ഷേ അരമണിക്കൂറിനുശേഷം മരിച്ചു,”മോഹന്‍ പറഞ്ഞു.
ചമന്‍ ലാലിന്റെ മരണം നടന്ന് 24 മണിക്കൂറിനുള്ളിലാണു ഓം ദത്ത് ശര്‍മയുമായി മോഹന്‍ വീണ്ടും ജിടിബിയിലെത്തിയത്. മുത്തച്ഛനുവേണ്ടി കിടക്കയ്ക്കായി മോഹന്‍ ഡോക്ടര്‍മാരോട് കേണപേക്ഷിച്ചു. ചമന്‍ലാലിന്റെ മരണശേഷം പിതാവിന്റെ നില വഷളാവുകയായിരുന്നു.
”ഞങ്ങള്‍ ഒരു സുഹൃത്തിന്റെ വാഹനം സംഘടിപ്പിച്ച് ആദ്യം കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജിലേക്കു പോയി. പക്ഷേ ആംബുലന്‍സില്‍ വരാത്തതിനാല്‍ അവര്‍ അകത്തേക്ക് കയറ്റിയില്ല,” മോഹന്‍ പറഞ്ഞു.
തുടര്‍ന്ന് കുടുംബം ലാല്‍ ബഹാദൂര്‍ ശാസ്ത്രി ആശുപത്രി, ശാന്തി മുകുന്ദ്, രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലേക്കു പോയി. അവിടെ കിടക്കകളുണ്ടായിരുന്നെങ്കിലും ഓക്സിജന്‍ ലഭ്യമായിരുന്നില്ല.
സ്വന്തമായി സിലിണ്ടര്‍ സംഘടിപ്പിക്കാന്‍ അവിടങ്ങളില്നിന്ന്് കുടുംബത്തോട് ആവശ്യപ്പെട്ടു. ഒടുവില്‍ കുടുംബം ജിടിബിയിലേക്കു മടങ്ങുകയായിരുന്നു. ”ഇവിടെ തിരിച്ചെത്താന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നില്ല, പക്ഷേ മറ്റു മാര്‍ഗമില്ലായിരുന്നു,” മോഹന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക