തിരുവനന്തപുരം : സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് പിണറായി വിജയന് നാളെയോ മറ്റന്നാളോ ഗവര്‍ണര്‍ക്ക് കത്ത് നല്‍കും.പുതിയ സര്‍ക്കാര്‍ രൂപീകരണം അധികം വൈകിക്കേണ്ടെന്ന നിലപാടിൽ മുഖ്യമന്ത്രിയും സിപിഐഎമ്മും. ഈ മാസം പത്തിന് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനുള്ള നീക്കങ്ങളാണ് ഇതിനായി നടക്കുന്നത്.
എംഎല്‍എമാരുടെ പിന്തുണ വ്യക്തമാക്കിയുള്ള കത്തും ഒപ്പം സമര്‍പ്പിക്കും. എല്‍ഡിഎഫ് നേതാക്കളുമായി ആശയവിനിമയം നടത്തിയ ശേഷമാകും കത്ത് കൈമാറുക. ഭൂരിപക്ഷം ഉണ്ടെന്ന് ബോധ്യമായാല്‍ ഗവര്‍ണര്‍ ഉടന്‍ സത്യപ്രതിജ്ഞക്ക് ക്ഷണിക്കുകയാണ് നടപടി. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ സത്യപ്രതിജ്ഞാ തീയതി സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുമെന്നാണ് അറിവ്.
നിലവിലെ നിയമസഭയുടെ കാലാവധി ജൂണ്‍ രണ്ട് വരെയാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്ന സാഹചര്യത്തില്‍ അതുവരെ കാത്തിരിക്കേണ്ടെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത്.
മന്ത്രിസഭാ യോഗം ചേര്‍ന്ന ശേഷം ഉച്ചയ്ക്ക് 12 മണിയോടെയാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നേരില്‍ക്കണ്ട് രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് വരെ കാവല്‍മുഖ്യമന്ത്രിയായി തുടരാനാണ് ഗവര്‍ണറുടെ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക