കോട്ടയം: അപ്രതീക്ഷിത ഭൂചലനത്തിൽ നടുങ്ങി നാട്ടുകാർ. വേനൽമഴയുടെ കാലം ആയതിനാൽ പലരും ഇടിമുഴക്കമായി തെറ്റിദ്ധരിച്ചു. പാമ്പാടി, കങ്ങഴ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
വീടുകളിൽ ചെറിയ വിള്ളലുമുണ്ടായി. വീടിന്റെ ഭിത്തിയിലെ വിള്ളൽ കൂടിയെന്നു വെള്ളൂർ പുതുപ്പറമ്പിൽ ഷാജി പറഞ്ഞു. ഭിത്തിയിൽ നേരത്തേ തേച്ചപ്പോൾ ചെറിയ വിള്ളലുണ്ടായിരുന്നു. ഇതു പുട്ടിയിട്ട് പെയിന്റ് ചെയ്തിരുന്നു.
ഇന്നലെ ആറരയോടെ ആദ്യം മുഴക്കം കേട്ടപ്പോൾ പാറമടയിൽ പാറ പൊട്ടിക്കുന്നതാകുമെന്നാണ് കരുതിയത്. വീട്ടിൽ കയറിയപ്പോഴാണ് ഭിത്തി വിണ്ട് മണൽത്തരികൾ ഉൾപ്പെടെ തറയിൽ വീണത് കണ്ടതെന്നു ഷാജി പറഞ്ഞു.
മുറ്റത്തു നിൽക്കുമ്പോഴാണ് ഭൂമിക്കടിയിൽ നിന്ന് മുഴക്കം പോലെ കേട്ടതെന്നു പങ്ങട മാടപ്പാട്ട് മത്തായി പറഞ്ഞു. രണ്ട് സെക്കൻഡോളം വിറയലും അനുഭവപ്പെട്ടു. വീടിനുള്ളിൽ നിന്ന കുടുംബാംഗങ്ങൾക്കും വിറയൽ അനുഭവപ്പെട്ടുവെന്നും മത്തായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക