തിരുവനന്തപുരം ∙ ‘ഗൂഗിൾ ഫോട്ടോസ്’ പ്ലാറ്റ്ഫോമിൽ അൺലിമിറ്റഡായി ചിത്രങ്ങളും വിഡിയോകളും അപ്ലോഡ് ചെയ്യാനുള്ള സൗകര്യം നാളെ തീരും. ജൂൺ 1 മുതൽ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങൾ ഓരോ വ്യക്തിക്കും അനുവദിച്ചിരിക്കുന്ന 15 ജിബി സ്റ്റോറേജ് പരിധിയിൽ വരും. നാളെ വരെ ഹൈ ക്വാളിറ്റി ഓപ്ഷനിൽ അപ്ലോഡ് ചെയ്യുന്നവ ഈ പരിധിയിൽ വരില്ല. ഇക്കാരണത്താൽ പരമാവധി ഫയലുകൾ ഇന്നും നാളെയുമായി അപ്ലോഡ് ചെയ്യാവുന്നതാണ്. ദിവസേന ഒരു അക്കൗണ്ടിൽ 15 ജിബി വരെ മാത്രമേ അപ്ലോഡിങ് നടക്കൂ. നിലവിൽ ഗൂഗിൾ ഫോട്ടോസിലുള്ള ചിത്രങ്ങൾ നഷ്ടപ്പെടില്ല.
ഗൂഗിൾ ഡ്രൈവ്, ജി മെയിൽ ഉൾപ്പെടെയുള്ള സേവനങ്ങൾക്കു കൂടിയാണ് 15 ജിബി ഗൂഗിൾ അക്കൗണ്ട് സ്റ്റോറേജ്. അധിക സ്ഥലം ആവശ്യമെങ്കിൽ പ്രതിമാസം 130 രൂപയ്ക്ക് 100 ജിബി, 210 രൂപയ്ക്ക് 200 ജിബി എന്നിങ്ങനെ എടുക്കാം. ഗൂഗിൾ പിക്സൽ 1–5 ഫോണുകളുടെ ഉപയോക്താക്കൾക്ക് പുതിയ നിയന്ത്രണം ബാധകമല്ല.
photos.google.com സൈറ്റ് തുറന്നോ ഗൂഗിൾ ഫോട്ടോസ് ആപ് വഴിയോ ലോഗിൻ ചെയ്യാം. ഒറിജിനൽ, ഹൈ ക്വാളിറ്റി എന്നീ നിലവാരങ്ങളിൽ അപ്ലോഡിങ് സാധ്യമാണ്. ഒറിജിനൽ ഓപ്ഷൻ ജൂൺ ഒന്നിനു മുൻപും നിയന്ത്രണപരിധിയിലാണ്. ഈ ക്വാളിറ്റിയിൽ മുൻപ് അപ്ലോഡ് ചെയ്യപ്പെട്ട ഫയലുകളും പരിധിയിൽപെടും. ഇവ ഹൈ ക്വാളിറ്റിയിലേക്ക് മാറ്റാൻ സെറ്റിങ്സിലുള്ള ‘റിക്കവർ സ്റ്റോറേജ്’ ഓപ്ഷൻ ക്ലിക്ക് ചെയ്ത് കംപ്രസ് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക