ഒടിടി റിലീസുകളിലെ സൂപ്പർ ഹിറ്റ് ത്രില്ലർ ‘ദൃശ്യം 2’ തിയേറ്റർ റിലീസിനൊരുങ്ങുന്നു. സിംഗപ്പൂരിലും യുഎഇയിലുമാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. 2013 ൽ ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ദൃശ്യം 1’ ന്റെ തുടർച്ചയാണ് ‘ദൃശ്യം 2’. ചിത്രത്തിന്റെ രണ്ടാംഭാഗം ഫെബ്രുവരി 19നാണ് ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ എത്തിയത്.
പല ഇന്ത്യന്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ‘ദൃശ്യ’ത്തിന്റെ രണ്ടാംഭാഗം ആയതിനാല്‍ പാന്‍ ഇന്ത്യന്‍ തലത്തിലുള്ള പ്രീ റിലീസ് ശ്രദ്ധ നേടിയിരുന്നു ദൃശ്യം 2. ദൃശ്യത്തിന്റെ പേര് മോശമാക്കിയില്ല എന്നു മാത്രമല്ല, വലിയ പ്രേക്ഷകപ്രീതിയും ദൃശ്യം 2 നേടി.
ഇന്നു മുതലാണ് സിംഗപ്പൂരിലെ തിയറ്ററുകളില്‍ പ്രദര്‍ശനമെങ്കില്‍ ജൂലൈ 1 നാണ് യുഎഇ റിലീസ്. ഫാര്‍സ് ഫിലിം ഗ്രൂപ്പ് ആണ് യുഎഇയില്‍ ചിത്രം വിതരണം ചെയ്യുന്നത്. ഒടിടി റിലീസ് ആയി കണ്ട ചിത്രമെങ്കിലും ദൃശ്യം 2 ബിഗ് സ്ക്രീനില്‍ കാണണമെന്ന വലിയ പ്രേക്ഷകാഭ്യര്‍ഥനയെത്തുടര്‍ന്നാണ് തിയേറ്റർ റിലീസ് നടത്തുന്നത്.
ഡയറക്റ്റ് ഒടിടി റിലീസിനു പിന്നാലെ ടെലിവിഷന്‍ പ്രീമിയറിലും നേട്ടമുണ്ടാക്കിയ ചിത്രമാണ് ദൃശ്യം 2. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായിരുന്ന മെയ് 21ന് ഏഷ്യാനെറ്റിലൂടെയായിരുന്നു ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍. കൊവിഡ് കാലത്താണ് ദൃശ്യം 2 പ്രഖ്യാപിക്കപ്പെട്ടത്. കൊച്ചിയിലും തൊടുപുഴയിലുമായിട്ടായിരുന്നു ചിത്രീകരണം.
ആദ്യഭാഗത്തിലെ മിക്ക അഭിനേതാക്കളും എത്തിയ രണ്ടാംഭാഗത്തില്‍ ആദ്യഭാഗത്തില്‍ ഇല്ലാതിരുന്ന ചില താരങ്ങളും ഉണ്ട്. ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്കുമാര് എന്നിവരാണ് അവരില്‍ പ്രധാനികള്‍. അതേസമയം ദൃശ്യം 2ന്റെ തെലുങ്ക് റീമേക്ക് ഇതിനകം ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക