മുംബൈ: അശ്ലീല ചിത്ര നിർമ്മാണക്കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയും കൂട്ടുപ്രതി റയാൻ തോർപ്പും സമർപ്പിച്ച ഹർജികൾ ബോംബെ ഹൈക്കോടതി തള്ളി. അറസ്റ്റ് ചെയ്ത നടപടിക്രമങ്ങളും മജിസ്ട്രേറ്റിന്റെ റിമാൻഡ് ഉത്തരവും ചോദ്യം ചെയ്താണ് പ്രതികൾ ഹർജി സമർപ്പിച്ചത്.
എന്നാൽ ഇരുവരെയും പോലീസ് കസ്റ്റഡിയിലും തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിലും റിമാൻഡ് ചെയ്ത നടപടി നിയമാനുസൃതമാണെന്നും അതിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ എസ് ഗഡ്കരിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
സിആർപിസി 41 എ പ്രകാരം നോട്ടീസ് നൽകാതെയാണ് പോലീസ് തങ്ങളെ അറസ്റ്റ് ചെയ്തത് എന്നാണ് രാജ് കുന്ദ്രയും റയാൻ തോർപ്പും സമർപ്പിച്ച ഹർജികളിൽ പറഞ്ഞിരുന്നത്. റിമാൻഡ് ചെയ്തുകൊണ്ടുള്ള മജിസ്ട്രേറ്റ് ഉത്തരവ് റദ്ദാക്കണമെന്നും തങ്ങളെ ജയിലിൽ നിന്നും പുറത്തുവിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഈ ആവശ്യങ്ങൾ സ്വീകരിക്കാനാവില്ലെന്ന് കോടതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക