അഭിനയിച്ച ആദ്യ ചിത്രത്തിന് തന്നെ സംസ്ഥാന പുരസ്കാരം ലഭിച്ച നടിയാണ് ശ്രീരേഖ. ഷെയിൻ നിഗം നായകനായ ‘വെയിൽ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരമാണ് ശ്രീരേഖയെ തേടിയെത്തിയത്.
കൊച്ചിയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്യുന്നതിനിടയിൽ അപ്രതീക്ഷിതമായാണ് സിനിമയിലേക്കുള്ള അവസരവും ശ്രീരേഖയ്ക്ക് വന്നു ചേർന്നത്. ടിക് ടോക് വീഡിയോകളിലൂടെ ശ്രീരേഖയുടെ അഭിനയം കണ്ട സംവിധായകൻ ശരത്ത് ചിത്രത്തിലെ രാധയെന്ന കഥാപാത്രത്തെ ശ്രീരേഖയെ ഏൽപ്പിക്കുകയായിരുന്നു.
ഇപ്പോഴിതാ, പുരസ്കാര നേട്ടത്തിൽ ശ്രീരേഖയെ വീട്ടിൽ നേരിട്ടെത്തി അഭിനന്ദിച്ചിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി. അതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വീട്ടിലെത്തിയ സുരേഷ് ഗോപി ശ്രീരേഖയ്ക്ക് പൊന്നാടയണിയിച്ചു. ഇഷ്ടതാരം വീട്ടിലെത്തിയതിന്റെ സന്തോഷത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ശ്രീരേഖ ആദരവ് ഏറ്റുവാങ്ങിയത്.
നവാഗതസംവിധായകനായ ശരത് ആണ് ‘വെയിലി’ന്റെ സംവിധായകൻ. സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്റ് ആയിരുന്ന ശരത് ‘അങ്കമാലി ഡയറീസ്’, ‘ഈ മ യൗ’ എന്നീ ചിത്രങ്ങളിൽ ലിജോയ്ക്ക് ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക