ക്ലാസ് മുറിയിൽ മദ്യപിച്ച് നൃത്തം ചെയ്ത വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ പുറത്താക്കി. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ ഒരു സർക്കാർ സ്കൂളിലാണ് സംഭവം.
8, 9 ക്ലാസുകളിൽ പഠിക്കുന്ന 5 വിദ്യാർത്ഥികളെയാണ് പുറത്താക്കിയത്. ക്ലാസ് മുറിയിൽ മദ്യപിച്ച് വിദ്യാർത്ഥികൾ നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സ്കൂൾ അധികൃതർ വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്തത്.
ഉച്ചഭക്ഷണ സമയത്ത് മറ്റ് വിദ്യാർത്ഥികൾ പുറത്തേയ്ക്ക് പോയ സമയത്താണ് ഈ വിദ്യാർത്ഥികൾ മദ്യം കഴിച്ച് ക്ലാസ് മുറിയിൽ നൃത്തം ചെയ്തത്.
സംഭവം ശ്രദ്ധയിൽപ്പെട്ട സ്കൂൾ അധികൃതർ നടത്തിയ പരിശോധനയിൽ കുട്ടിളുടെ അടുത്ത് നിന്ന് രണ്ട് മദ്യക്കുപ്പികളും പിടിച്ചെടുത്തു.
തുടർന്ന് പ്രിൻസിപ്പാൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ വിവരമറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളിൽ ഒരാളുടെ പിതാവാണ് മദ്യം വാങ്ങാൻ പണം നൽകിയതെന്ന് വിദ്യാർത്ഥികൾ സ്കൂൾ അധികൃതരോട് പറഞ്ഞു.
പുറത്താക്കപ്പെട്ട വിദ്യാർത്ഥികളുടെ ഇത്തരത്തിലുള്ള പെരുമാറ്റം മറ്റ് കുട്ടികൾക്ക് ദുർമാതൃക നൽകുന്നതാണെന്നും, മറ്റ് വിദ്യാർത്ഥികളെ സംരക്ഷിക്കാനാണ് ഇവർക്ക് ടിസി നൽകിയതെന്നും പ്രിൻസിപ്പാൾ സക്രു നായിക് വിശദീകരിച്ചു.
എന്നാൽ സ്കൂൾ അധികൃതരുടെ നടപടിയെ വിമർശിച്ച് കുട്ടികളുടെ അവകാശ സംഘടനയായ ദിവ്യ ദിശ ചൈല്ഡ്ലൈന് രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക