ദില്ലി: ആധാർ കാർഡും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ കളമൊരുങ്ങുന്ന ബില്ല് വരുന്നു. കള്ളവോട്ട്തടയുകയെന്ന ലക്ഷ്യത്തോടെയാണ് ആധാർ കാർഡും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതെന്നാണ് കേന്ദ്രസർക്കാർ വിശദീകരിക്കുന്നത്.
ഇതടക്കമുള്ള പ്രധാന തെരഞ്ഞെടുപ്പ് പരിഷ്കരണഭേദഗതിക്ക് ഇന്നലെ ദില്ലിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി.
നടപ്പ് സമ്മേളനത്തിൽത്തന്നെ വോട്ടെടുപ്പ് പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട ബില്ല് കേന്ദ്രസർക്കാർ അവതരിപ്പിക്കും.
വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഒരു വർഷം ഒന്നിലധികം അവസരം നൽകുമെന്നതാണ് പരിഷ്കാരങ്ങളിലെ മറ്റൊരു ശ്രദ്ധേയമായ ഭാഗം.
വോട്ടെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യമാക്കാനും, തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതൽ അധികാരങ്ങൾ നൽകാനും, ഇരട്ടവോട്ടും കള്ളവോട്ടും തടയാനുമായാണ് പുതിയ നിയമപരിഷ്കാരങ്ങൾ നടപ്പാക്കുന്നത്.
വോട്ടർ ഐഡിയും ആധാറും ബന്ധിപ്പിക്കുന്നതോടെ ഒരാൾക്ക് ഒരിടത്ത് ഒരുവോട്ട് മാത്രമേ ചെയ്യാനാകൂ. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പൈലറ്റ് പ്രോജക്ട് വിജയമെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഭേദഗതി നിർദേശം സർക്കാരിന് സമർപ്പിച്ചതെന്ന് വ്യക്തമാക്കുന്നു.
ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കണമെന്ന് നിലവിൽ സുപ്രീംകോടതിയിൽ ഒരു ഹർജി നിലവിലുണ്ട്. തുടക്കത്തിൽ ഇക്കാര്യം ആരെയും നിർബന്ധിക്കില്ല. അതേസമയം, ഇതുരണ്ടും ബന്ധിപ്പിക്കാത്തവരെ എളുപ്പത്തിൽ കണ്ടെത്താനും നിരീക്ഷിക്കാനുമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക