സംസ്ഥാനത്തെ സ്കൂളുകൾ ഇന്നലെയാണ് തുറന്നത്. കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്കൂളുകൾ വീണ്ടും തുറന്നപ്പോൾ വളരെ ആവേശത്തിലായിരുന്നു കുട്ടികൾ സ്കൂളുകളിൽ എത്തിയത്.
ബാച്ച് അടിസ്ഥാനത്തില്‍ എത്തേണ്ടവരിൽ ആദ്യദിനം 82% കുട്ടികള്‍ ഹാജരായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 1 മുതല്‍ 9 വരെയുള്ള ക്ലാസ്സുകളിലാണ് 82% കുട്ടികള്‍ എത്തിയത്.
പ്രീപ്രൈമറി മുതല്‍ 9 വരെയുള്ള ക്ലാസുകളാണ് സംസ്ഥാനത്ത് വീണ്ടും സജീവമായിരിക്കുന്നത്. അതേസമയം, ഫെബ്രുവരി 21 മുതല്‍ 1 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തി രാവിലെ മുതല്‍ വൈകുന്നേരം വരെ ക്ലാസ്സുകള്‍ നടത്തും.
ഇതിനായുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സ്കൂളുകളില്‍ ആരംഭിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
സംസ്ഥാനത്താകെ പ്രീപ്രൈമറി ക്ലാസ്സുകളില്‍ എത്തേണ്ടിയിരുന്നവരിൽ 65% കുട്ടികള്‍ ക്ലാസ്സുകളില്‍ എത്തിച്ചേര്‍ന്നതായും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കോവിഡ് വന്നതിനു ശേഷം ആദ്യമായാണ് പ്രീപ്രൈമറി ക്ലാസ്സുകള്‍ ഓഫ്ലൈനായി ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക