ലോകപ്രസിദ്ധമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം.
കിടിലന്‍ ബീച്ചുകളും അതിമനോഹരമായ പവിഴപ്പുറ്റുകളും കടലിനടിയിലെ കൗതുകകരമായ ആവാസവ്യവസ്ഥയുടെ വിസ്മയക്കാഴ്ച്ചകളുമെല്ലാമൊരുക്കി സഞ്ചാരികളെ മോഹിപ്പിക്കുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്കൊരു യാത്ര.
ഏകദേശം 572 ദ്വീപുകളുള്ള ഈ ദ്വീപസമൂഹത്തിലെ 36 എണ്ണം മാത്രമാണ് വിനോദസഞ്ചാരികൾക്കായി തുറന്നിരിക്കുന്നത്. ദക്ഷിണേന്ത്യൻ, തെക്കുകിഴക്കൻ ഏഷ്യൻ കുടിയേറ്റക്കാരും ചിലയിടങ്ങളില്‍ നെഗ്രിറ്റോ വംശീയ വിഭാഗങ്ങളുമാണ് ഇവിടുത്തെ താമസക്കാര്‍.
ലോകസഞ്ചാരികളായ ടോളമിയും മാർക്കോ പോളോയും ഈ ദ്വീപുകളെ ക്രൂരമായ മനുഷ്യവേട്ടക്കാരുടെ ആവാസകേന്ദ്രമായി രേഖപ്പെടുത്തി.
ആൻഡമാൻ നിക്കോബാറിന്റെ മനംമയക്കുന്ന മനോഹാരിതയെക്കുറിച്ച് എല്ലാവര്ക്കും അറിയാമെങ്കിലും, ആര്‍ക്കുമറിയാത്ത ഒട്ടനവധി നിഗൂഢതകള്‍ ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്. ആൻഡമാൻ നിക്കോബാറിനെക്കുറിച്ച്, അവിശ്വസനീയവും രസകരമായ ഏതാനും വസ്തുതകൾ ഇതാ.
മലയ് ഭാഷയില്‍ നിന്നാണ് ‘ആൻഡമാൻ’ എന്ന പേര് വന്നത് എന്നു പറയപ്പെടുന്നു. അവര്‍ക്കിടയില്‍ ‘ഹണ്ടുമാൻ എന്നറിയപ്പെട്ടിരുന്ന ഹനുമാനിൽ നിന്നാണ് ആൻഡമാൻ എന്ന പേര് ഉരുത്തിരിഞ്ഞതെന്നാണ് അനുമാനം.
എഡി 1050-ലെ തഞ്ചാവൂർ ലിഖിതത്തിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ നിക്കോബാർ എന്ന പേര് ദക്ഷിണേന്ത്യൻ പദമായ ‘നക്കവാരം’ (നഗ്നരുടെ നാട്) എന്നതില്‍ നിന്നും വന്നതാണ് എന്നും പറയപ്പെടുന്നു.
ദ്വീപുകളിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷ ആൻഡമാനീസ്, നിക്കോബാറീസ് എന്നിവയല്ല
ബംഗാളിയാണ് ദ്വീപുകളിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷ. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളും സംസാരിച്ചുവരുന്നു. ആൻഡമാൻ ക്രിയോൾ ഹിന്ദി ഒരു വ്യാപാര ഭാഷയായി ഇവിടെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മൂന്ന് ഇനം കടലാമകൾ ഉണ്ട്. ഹോക്സ്ബിൽ, ടര്‍ട്ടില്‍ , ലോകത്തിലെ ഏറ്റവും വലിയ കടലാമയായ ലെതർബാക്ക് (ഡെർമോചെലീസ് കോറിയേഷ്യ) എന്നീ ഇനങ്ങള്‍ ഇവിടെ കാണപ്പെടുന്നു.
ഇൻഡോ-പസഫിക്കില്‍ 1,000- ലധികം ലെതർബാക്ക് കടലാമകള്‍ കൂടുകൂട്ടുന്ന ചുരുക്കം ചില കോളനികളിൽ ഒന്നാണ് നിക്കോബാറിലുള്ളത് എന്നതിനാല്‍ ഈ പ്രദേശത്തിന് ആഗോള പ്രാധാന്യമുണ്ട്.
നാലു പതിറ്റാണ്ടിലേറെയായി ആൻഡമാൻ ദ്വീപുകൾക്ക് ചുറ്റുമുള്ള കടല്‍ഭാഗങ്ങളില്‍ വാണിജ്യ മത്സ്യബന്ധനം നിരോധിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ, ഈ ഭാഗത്തുള്ള വെള്ളത്തിൽ മത്സ്യങ്ങൾ പ്രായാധിക്യത്താൽ ചത്തുപൊങ്ങുന്നതായി വിശ്വസിക്കപ്പെടുന്നു.
ദ്വീപിന് ചുറ്റുമുള്ള ജലത്തിൽ ഡോൾഫിനുകൾ, തിമിംഗലങ്ങൾ, ഡുഗോങ്ങുകൾ, കടലാമകൾ, സെയിൽഫിഷ്, സീ അനിമോണുകൾ, മറ്റ് സമുദ്രജീവികൾ എന്നിവ ധാരാളമുണ്ട്.
ഇന്ത്യയിലെ എന്നുമാത്രമല്ല, ദക്ഷിണേഷ്യയിലെ തന്നെ ഏക സജീവ അഗ്നിപർവതമാണ് ബാരൻ ദ്വീപ്. പോർട്ട് ബ്ലെയറിൽ നിന്ന് ഏകദേശം 135 കിലോമീറ്റർ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ദ്വീപിന് 3 കിലോമീറ്റർ വീതിയുണ്ട്.
സമുദ്രനിരപ്പിൽ നിന്നും 354 മീറ്റർ ഉയരമുള്ള ഈ ദ്വീപ്, സമുദ്രത്തിന്റെ അടിത്തട്ടിലെ, 2250 മീറ്റർ ഉയരമുള്ള ഒരു സമുദ്രാന്തര അഗ്നിപർവതത്തിന്റെ മുകൾഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക